അജിത് പവാറിന് വിട; സംസ്കാരം ഇന്ന് ബാരാമതിയിൽ, വിമാന അപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു

Published : Jan 29, 2026, 05:57 AM ISTUpdated : Jan 29, 2026, 06:00 AM IST
Ajith Pawar

Synopsis

മഹാരാഷ്ട്ര  ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ നടക്കും. വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുകയാണ്. വിഎസ്ആർ കമ്പനി ഓഫീസിൽ എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോയിലെ ഉദ്യോ​ഗസ്ഥർ പരിശോധന നടത്തി

മുബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു. വിമാനം വാടകയ്ക്ക് നൽകിയ വിഎസ്ആർ കമ്പനി ഓഫീസിൽ എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോയിലെ ഉദ്യോ​ഗസ്ഥർ പരിശോധന നടത്തി. ബാരാമതിയിലെ അപകട സ്ഥലത്ത് ഇന്നും പരിശോധന തുടരും. ഇന്നലെ ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ട് ഇന്ന് വൈകുന്നേരം സമർപ്പിച്ചേക്കും.അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ നടക്കും.അജിത് പവാറിന്‍റെ ഭൗതിക ശരീരം രാവിലെ ഏഴുമണിയോടെ കത്തേവാഡിയിലെ വീട്ടിലെത്തിക്കും. ഇവിടെ ഒരു മണിക്കൂര്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ഇവിടെ നിന്ന് വിലാപയാത്രയായി സംസ്കാര ചടങ്ങുകള്‍ നടക്കുന്ന വിദ്യാ പ്രതിഷ്ഠാൻ കോളേജിൽ എത്തിക്കും. രാവിലെ 11നാണ് സംസ്കാര ചടങ്ങുകള്‍.

അപകടത്തെതുടര്‍ന്ന് ബാരാമതി വിമാനത്താവളത്തിലെ എടിസി പ്രവർത്തനങ്ങൾ താൽക്കാലികമായി വ്യോമസേന ഏറ്റെടുക്കും. നിലവിൽ ഇവിടെയുള്ളവർക്ക് പരിശീലനം നൽകും. മഹാരാഷ്ട്ര സർക്കാരിന്‍റെ അഭ്യർത്ഥനപ്രകാരമാണ് നടപടി.  ഇന്നലെ രാവിലെയാണ് മഹാരാഷ്ട്രയിലെ ബാരാമതിയിൽ വെച്ചുണ്ടായ വിമാന അപകടത്തിൽ അജിത് പവാറിന്‍റെ അന്ത്യം. അജിത് പവാര്‍ സഞ്ചരിച്ച വിമാനം ബാരാമതി വിമാനത്താവളത്തിനടുത്ത് തകര്‍ന്ന് വീണ് കത്തിയമരുകയായിരുന്നു. അജിത് പവാറടക്കം വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും തല്‍ക്ഷണം മരിച്ചു. പൈലറ്റിന് റണ്‍വേ കൃത്യമായി കാണാന്‍ കഴിയാതെ പോയതാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കിയത്.

ഇന്നലെ രാവിലെ 8.10നാണ്  മുംബൈയില്‍ നിന്ന് ബാരാമതിയിലേക്ക് അജിത് പവാറും സംഘവും പുറപ്പെട്ടത്. അജിത് പവാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥനായ വിദിപ്  ജാദവ്, പൈലറ്റുമാരായ സുമിത് കപൂര്‍, സാംബവി പഥക്, ഫ്ലൈറ്റ് അസിസ്റ്റന്‍റ് പിങ്കി മാലി എന്നിവരായിരുന്നു ലിയര്‍ ജെറ്റ് -45 എന്ന  വിമാനത്തിലുണ്ടായിരുന്നത്. കര്‍ഷക റാലിയടക്കം ബാരാമതിയില്‍ നാല് പരിപാടികളില്‍, പുണെ ജില്ലാ പരിഷദ് തെരഞ്ഞെടുപ്പ് പ്രചാരണം ഇതായിരുന്നു അജിത് പവാറിന്‍റെ യാത്രാ പദ്ധതി. 8.50നായിരുന്നു വിമാനത്തിന്‍റെ  ലാന്‍ഡിംഗ് നിശ്ചയിച്ചിരുന്നത്. താഴ്ന്ന വിമാനം റണ്‍വേ തൊടുന്നതിന് മുന്‍പ് തകര്‍ന്ന് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടിച്ച വിമാനത്തില്‍ രണ്ട് മൂന്ന്  തവണ പൊട്ടിത്തെറിയുണ്ടായെന്നാണ് ദൃക് സാക്ഷികള്‍ പറയുന്നത്. അരമണിക്കൂറോളം വിമാനം കത്തി. തുടര്‍ന്നാണ് ഫയര്‍ ഫോഴ്സിന് പോലും അടുത്തേക്കെത്താന്‍ കഴിഞ്ഞത്. എല്ലാവരും സംഭവസ്ഥലത്ത്  മരിച്ചു.

മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റണ്‍വേ വ്യക്തമായി കാണാന്‍ കഴിയാത്തതാണ് അപകടകാരണം. ചെറിയ റണ്‍വേയില്‍ 8.48ഓടെ ആദ്യം ലാന്‍ഡ് ചെയ്യാനുള്ള അനുമതി എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ പൈലറ്റ് തേടിയിരുന്നു. എന്നാല്‍, റണ്‍വേ കാണാന്‍ കഴിയാത്തതിനാല്‍ വീണ്ടും പറന്ന് രണ്ടാമത് ലാന്‍ഡിംഗിന് ശ്രമിച്ചു. റണ്‍വേ വ്യക്തമാണെന്ന് പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് എടിസി ലാന്‍ഡിംഗിന് അനുമതി നല്‍കി. തൊട്ട് പിന്നാലെ റണ്‍വേയുടെ തുടക്കത്തില്‍ വീണ് വിമാനം തകരുകയായിരുന്നുവെന്ന് വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കി. വിമാനത്തിന് തകരാറില്ലായിരുന്നുവെന്നാണ്  ദില്ലി മഹിപാല്‍ പൂര്‍ ആസ്ഥാനമായ വിമാനകമ്പനിയായ വിഎസ്ആര്‍ വെഞ്ച്വേഴ്സ് അവകാശപ്പെടുന്നത്. എന്നാല്‍, ഇതേ വിമാനം 2023 സെപ്റ്റംബറില്‍  മുംബൈ വിമാനത്താവളത്തില്‍ കനത്ത മഴയത്ത് ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നി മാറി അപകടത്തില്‍ പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആറു പേര്‍ക്ക് അന്ന് പരിക്കേറ്റിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശരദ് പവാറിന്റെ ആദ്യ പ്രതികരണം; 'തികച്ചും അപകടം, നികത്താനാകാത്ത നഷ്ടം', ​ഗൂഢാലോചനാ ആരോപണം തള്ളി
പപ്പാ, 'ഞാൻ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പറക്കുന്നു, നാളെ സംസാരിക്കാം'; അച്ഛനോട് അവസാനമായി പിങ്കി പറഞ്ഞത്...‌