
ദില്ലി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായിരുന്ന അജിത് പവാറിന്‍റെ മരണത്തിനിടയാക്കിയ ബരാമതി വിമാന അപകടത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28 ന് പുറത്തുവിടുമെന്ന് വ്യോമയാന മന്ത്രാലയം. സാങ്കേതിക തെളിവുകൾ അടിസ്ഥാനപ്പെടുത്തി സമഗ്രമായ പരിശോധനയിലൂടെയാണ് അന്വേഷണം മുന്നോട്ടു പോയതെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽ അജിത് പവാർ, അദ്ദേഹത്തിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ വിധിത് ജാധവ്, പൈലറ്റ് ഇൻ കമാൻഡ് സുമിത് കപൂർ, ഫസ്റ്റ് ഓഫീസർ സാംബവി പഥക്, കാബിൻ ക്രൂ പിങ്കി മാലി എന്നിവർക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് അജിത് പവാറിന്‍റെ അനന്തരവൻ രോഹിത് പവാർ ആരോപിക്കുന്നത്. ഒരു മുതിർന്ന നേതാവ് യാത്ര മനഃപൂർവം വൈകിപ്പിച്ചതിനാലാണ് ട്രെയിനിലെ യാത്ര മാറ്റി വിമാന മാർഗമാക്കിയതെന്നും അപകടത്തിന് തൊട്ട് മുമ്പുള്ള റേഡിയോ സിഗ്നലും പ്രധാന പൈലറ്റിന്‍റെ സംഭാഷണവും ലഭിക്കാത്തതിലും ദുരൂഹതയുണ്ടെന്നുമാണ് രോഹിത്തിന്റെ ആരോപണം. 27-ാം തീയതി ഒരു മുതിർന്ന നേതാവ് അജിത് പവാറിനെ കാണാൻ വന്ന് യാത്ര വൈകിപ്പിച്ചതിനാലാണ് ട്രെയിനിൽ യാത്ര ചെയ്യാനിരുന്ന അജിത് പവാർ ആകാശമാർഗം തെരഞ്ഞെടുത്തത്. അപകടമുണ്ടായ സമയത്തിന് തൊട്ടുമുൻപുള്ള റേഡിയോ സിഗ്നലുകള്‍ എന്തുകൊണ്ടാണ് ലഭ്യമല്ലാത്തതെന്നും വിമാനമോടിച്ചിരുന്ന പൈലറ്റിന്‍റെ ശബ്ദം സംഭാഷണം റെക്കോർഡ് ലഭ്യമല്ലാത്തത് എന്തുകൊണ്ടാണെന്നും രോഹിത് പവാർ ചോദിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam