ടിആർപി തട്ടിപ്പ്: റേറ്റിംഗ് റിപ്പോർട്ടിംഗ് മൂന്ന് മാസത്തേക്ക് നിർത്തി ബാർക്ക്

By Web TeamFirst Published Oct 15, 2020, 1:18 PM IST
Highlights

അടുത്ത മൂന്ന് മാസത്തേക്ക് ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിംഗ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് നിർത്തിവയ്ക്കുന്നതായി റേറ്റിംഗ് ഏജൻസിയായ ബാർക്ക് അറിയിച്ചു.

മുംബൈ: വിവാദങ്ങളുടെ പശ്ചാതലത്തിൽ ടി.വി.കാഴ്ചക്കാരുടെ എണ്ണം അളക്കുന്ന പ്രതിവാര ടി.ആര്‍.പി റേറ്റിംഗ് നിര്‍ത്തിവെച്ചു. റേറ്റിംഗ് നിശ്ചയിക്കുന്ന സംവിധാനം ശക്തിപ്പെടുത്താനാണ് മൂന്ന് മാസത്തേക്ക് ഇത് നിര്‍ത്തിവെക്കുന്നതെന്ന് റേറ്റിംഗ് ഏജൻസിയായ ബാര്‍ക് വ്യക്തമാക്കി. ഇതിനിടെ ടി.ആര്‍.പി തട്ടിപ്പ് കേസിൽ റിപ്പബ്ളിക് ടി.വിയുടെ മുംബൈ പൊലീസ് നടപടിക്ക് എതിരെയുള്ള ഹര്‍ജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. 

ടി.വി.കാഴ്ചക്കാരുടെ എണ്ണം അളക്കുന്ന റേറ്റിംഗ് സംവിധാനത്തിൽ തട്ടിപ്പ് നടന്നതായുള്ള പരാതിയിൽ മുംബൈ പൊലീസ് മൂന്ന് ചാനലുകൾക്കെതിരെ കേസെടുത്തിരുന്നു. റിപ്പബ്ളിക് ടി.വിക്കും രണ്ട് മറാഠി ചാനലുകൾക്കും എതിരെയായിരുന്നു കേസ്. കാഴ്ചക്കാരുടെ എണ്ണം അളക്കുന്ന മീറ്ററുകൾ സ്ഥാപിച്ചിട്ടുള്ള വീട്ടുകാര്‍ക്ക് പണം നൽകി സ്വാധീനിക്കുന്നു എന്നായിരുന്നു മുംബൈ പൊലീസിന്‍റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ന്യൂസ് ചാനലുകളുടെ റേറ്റിംഗ് പുറത്തുവിടുന്നത് തൽക്കാലത്തേക്ക് നിര്‍ത്തിവെക്കാൻ ഇതിനുള്ള ഏജൻസിയായ ബാര്‍ക് തീരുമാനിച്ചത്.

സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ എട്ടുമുതൽ 12 വരെ ആഴ്ചകൾ എടുക്കുമെന്ന് ഇതുവരെ വാര്‍ത്ത ചാനലുകളുടെ റേറ്റിംഗ് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെക്കുമെന്നും ബാര്‍ക് വ്യക്തമാക്കി. ബാര്‍ക്കിന്‍റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ അദ്ധ്യക്ഷൻ രജത് ശര്‍മ്മ വ്യക്തമാക്കി. മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ളിക് ടി.വി നൽകിയ ഹര്‍ജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.

റിപ്പബ്ളിക് ടി.വിയോട് മുംബായ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കമ്മീഷണര്‍ പരസ്യപ്രസ്താവന നടത്തുന്നത് ഒഴിവാക്കേണ്ടതാണെന്നും സുപ്രീംകോടതി പരാമര്‍ശം നടത്തി. ജസ്റ്റിസ് ഡി.വെ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്.

click me!