
ദില്ലി: ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആന്‍റ് റിസർച്ച് വിദ്യാർത്ഥികളുടെ എൻറോൾമെന്‍റുമായി ബന്ധപ്പെട്ട മുൻ ഉത്തരവ് തിരുത്തി ബാര്‍ കൗണ്‍സില്‍. എന്‍റോള്‍മെന്‍റ് തടഞ്ഞ ഉത്തരവാണ് പ്രതിഷേധത്തെ തുടർന്ന് തിരുത്തിയത്. ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുഖ്യാതിഥി ആവേണ്ടെന്ന വിദ്യാർത്ഥികളുടെ നിലപാടിന് പിന്നാലെ ആണ് എൻറോൾമെന്‍റ് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് വന്നത്. എന്നാൽ എല്ലാ വിദ്യാർഥികൾക്കും എന്‍റോ ചെയ്യാമെന്ന് ബാര്‍ കൗണ്‍സില്‍ പുതിയ ഉത്തരവിൽ വ്യക്തമാക്കി.
ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ 2026 ബാച്ചിലെ 450-ലധികം വിദ്യാർത്ഥികളാണ് നിവേദനം നൽകിയത്. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും പ്രൊഫസർമാർക്കുമാണ് ഒപ്പുവെച്ച കത്ത് കൈമാറിയത്. തങ്ങളുടെ ആശങ്കകളാണ് സർവകലാശാലയെ അറിയിച്ചതെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. ജൂലൈ 20-ന് ഡൽഹിയിലെ ജന്തർ മന്തറിൽ പാർലമെന്റ് മാർച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോഴുള്ള ചീഫ് ജസ്റ്റിസിന്റെ നിലപാടാണ് വിദ്യാർത്ഥികളുടെ എതിർപ്പിന് പ്രധാന കാരണം.
പൊലീസ് അതിക്രമത്തിന്റെ വീഡിയോ തെളിവുകൾ കാണാൻ വിസമ്മതിച്ച ചീഫ് ജസ്റ്റിസ്, 'ഞങ്ങൾക്ക് സമയമില്ല' എന്ന് പറഞ്ഞെന്നും നേരത്തെ രാജ്യത്തെ യുവാക്കളെ പാറ്റകൾ എന്ന് വിളിച്ചെന്നുമാണ് വിദ്യാർത്ഥികളുടെ വിമർശനം. ഇത്തരം നിലപാടുകളുള്ള വ്യക്തിയെ കാമ്പസിലെ ബിരുദദാന ചടങ്ങിൽ ക്ഷണിക്കുന്നത് സർവകലാശാലാ തത്വങ്ങൾക്ക് നിരക്കുന്നതല്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. തങ്ങളുടെ പ്രതിഷേധം ചീഫ് ജസ്റ്റിസ് എന്ന ഭരണഘടനാ പദവിക്കെതിരെയല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ ചില നിലപാടുകളോടാണെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.
തുടർന്നാണ് പ്രതിഷേധിച്ച വിദ്യാർത്ഥികളെ എൻറോൾ ചെയ്യാൻ അനുവദിക്കില്ലെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ മനൻ കുമാർ മിശ്റ ഉത്തരവിറക്കിയത്. ഈ ഉത്തരവിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് മുന്നിൽ പ്രതിഷേധിക്കുമെന്ന് സി ജെ പി വ്യക്തമാക്കുകയും ചെയ്തു. പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam