യാചക സ്ത്രീയുടെ താമസ സ്ഥലത്ത് നിന്നും കണ്ടത്തിയ തുക കണ്ട് ഞെട്ടി ഉദ്യോ​ഗസ്ഥർ

By Web TeamFirst Published Jun 2, 2021, 12:04 AM IST
Highlights

65 വയസ്സുള്ള ഇവർ മുപ്പത് വർഷത്തിലധികമായി ബസ് സ്റ്റാന്റിലും സമീപപ്രദേശത്തെ തെരുവുകളിലും ഭിക്ഷ യാചിച്ചാണ് ജീവിച്ചത്. 

ശ്രീന​ഗർ: യാചകസ്ത്രീയുടെ താമസസ്ഥലത്ത് നിന്നും കണ്ടെത്തിയ സമ്പാദ്യത്തിന്റെ ഞെട്ടലിൽ നിന്നും മുക്തരാകാതെ ഉദ്യോ​ഗസ്ഥർ. ജമ്മു കാശ്മീരിലെ രൗജൗരി ജില്ലയിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന യാചക സ്ത്രീയെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നൽകുന്നതിനായി  ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇവർ താമസിച്ചിരുന്ന താത്ക്കാലിക സ്ഥലം പരിശോധിച്ച ഉദ്യോ​​ഗസ്ഥർ കണ്ടെത്തിയത് രണ്ടരലക്ഷത്തിലധികം രൂപ! 65 വയസ്സുള്ള ഇവർ മുപ്പത് വർഷത്തിലധികമായി ബസ് സ്റ്റാന്റിലും സമീപപ്രദേശത്തെ തെരുവുകളിലും ഭിക്ഷ യാചിച്ചാണ് ജീവിച്ചത്. ഇത്തരക്കാർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നൽകുന്നതിന് അഭയകേന്ദ്രത്തിലേക്ക് മാറ്റിയതായി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സുഖ്ദേവ് സിം​ഗ് സമ്യാൽ പിടിഐയോട് വെളിപ്പെടുത്തി. 

'ഇവർ താമസിച്ചിരുന്ന സ്ഥലം വൃത്തിയാക്കാൻ എത്തിയ മുനിസിപ്പൽ കമ്മിറ്റി തൊഴിലാളികളാണ്  മൂന്ന് പ്ലാസ്റ്റിക് ബോക്സുകളിലും ബാ​ഗിലുമായി നോട്ടുകളും ചില്ലറകളും ഭദ്രമായി പൊതി‍ഞ്ഞു വെച്ചിരിക്കുന്നത് കണ്ടത്. അപ്പോൾത്തന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസും മജിസ്ട്രേറ്റും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.' മണിക്കൂറുകൾക്ക് ശേഷമാണ് 2,58,507 രൂപ എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് കമ്മീഷണർ വ്യക്തമാക്കി. പണം ഉടമക്ക് തന്നെ തിരികെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഭിക്ഷ യാചിച്ചു കിട്ടിയിരുന്ന പണം മുഴുവൻ ഇവർ പ്ലാസ്റ്റിക് ബോക്സുകളിലാക്കി സൂക്ഷിക്കുകയായിരുന്നു. ഇവർ എവിടെ നിന്നാണ് വരുന്നതെന്നോ മറ്റ് വിവരങ്ങളോ ആർക്കുമറിയില്ല. മുപ്പത് വർഷത്തിലധികമായി ഇവർ ഇവിടെ ഭിക്ഷ യാചിക്കുന്നുണ്ട്. പണം കണ്ടെത്തി നൽകിയ മുനിസിപ്പൽ തൊഴിലാളികളുടെ സത്യസന്ധതയെ മജിസ്ട്രേറ്റ് അഭിനന്ദിച്ചു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും 
വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!