തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ ആപ്പുമായി ബംഗാൾ സിപിഎം

By Web TeamFirst Published Oct 8, 2020, 2:22 PM IST
Highlights

ഇടതുപക്ഷത്തിന്റെ അഭ്യുദയ കാംക്ഷികൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ച് പാർട്ടി ഫണ്ടിലേക്ക് ഉദാരമായ സംഭാവനകൾ നൽകാനുള്ള സംവിധാനവും ഈ ലെഫ്റ്റ് സ്‌ക്വാഡ് ആപ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്

തെരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളെ പാർട്ടിയുമായി അടുപ്പിച്ച് നിർത്താൻ വേണ്ടി പുതിയ ഒരു ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം ബംഗാൾ ഘടകം. 'ലെഫ്റ്റ് സ്‌ക്വാഡ്' എന്ന് പേരിട്ടിരിക്കുന്ന ഈ ആൻഡ്രോയിഡ് ആപ്പ് ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയാണ് ലോഞ്ച് ചെയ്യപ്പെട്ടിട്ടുള്ളത്. ബംഗാളിലെ മുതിർന്ന സിപിഎം നേതാവായ മുഹമ്മദ് സലിം ആണ്, ബംഗാൾ സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ നടത്തിയ ലൈവിൽ ലെഫ്റ്റ് സ്‌ക്വാഡ് ആപ്പിന്റെ പ്രകാശന കർമം നിർവഹിച്ചത്. 

 

മുഖ്യധാരാ മാധ്യമങ്ങൾ നിർണായകമായ വാർത്തകൾ ഒളിപ്പിക്കുമ്പോൾ, വാട്ട്സാപ്പ് യൂണിവേഴ്സിറ്റികൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുമ്പോൾ പാർട്ടിയുടെ പക്ഷം മുന്നോട്ടുവെക്കാൻ, സത്യം ജനങ്ങളിലേക്കെത്തിക്കാൻ വേണ്ടി, മാറിയ കാലത്തിന്റെ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുക മാത്രമാണ് പാർട്ടി ചെയുന്നത് എന്ന് ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് മുഹമ്മദ് സലിം പറഞ്ഞു. കൊവിഡ് സാഹചര്യത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. 

പാർട്ടിയെക്കുറിച്ച് അറിയാൻ ഇനിയും സാധിക്കാത്തവർക്ക് പാർട്ടിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സമയനുസൃതമായി അറിയാനുള്ള സംവിധാനങ്ങൾ ഈ ആപ്പിൽ ലഭ്യമാണ്. അതുപോലെ, ഇടതുപക്ഷത്തിന്റെ അഭ്യുദയ കാംക്ഷികൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ച് പാർട്ടി ഫണ്ടിലേക്ക് ഉദാരമായ സംഭാവനകൾ നൽകാനുള്ള സംവിധാനവും ഈ ലെഫ്റ്റ് സ്‌ക്വാഡ് ആപ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്

click me!