
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സമരം ചെയ്യുന്ന റസിഡന്‍റ് ഡോക്ടര്‍മാര്‍. അടച്ചിട്ട മുറിയില്‍ ചര്‍ച്ചക്കില്ലെന്നും സമരക്കാര്‍ വ്യക്തമാക്കി. ബംഗാളിലെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഐഎംഎ രാജ്യവ്യാപകമായി നാളെ പണിമുടക്കും.
രഹസ്യ ചര്‍ച്ചക്കില്ലെന്ന പ്രധാന ഉപാധി മുന്‍പോട്ട് വച്ചാണ് സമരക്കാരുടെ നിലപാട് മാറ്റം. ബംഗാള്‍ സെക്രട്ടറിയേറ്റിലേക്ക് ചര്‍ച്ചക്കുള്ള മമതയുടെ ക്ഷണം ഇക്കാരണത്താല്‍ തന്നെ നേരത്തെ ഡോക്ടര്‍മാര്‍ നിരസിച്ചിരുന്നു. ചര്‍ച്ചയുടെ സ്ഥലവും സമയവും മമതക്ക് തീരുമാനിക്കാം. എന്നാല്‍, മാധ്യമങ്ങളുടെ സാന്നിധ്യത്തിലാവണം ചര്‍ച്ച എന്നാണ് ഡോക്ടര്‍മാരുടെ നിബന്ധന. മറ്റ് സംസ്ഥാനങ്ങളിലെ സംഘടന പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍. ബംഗാളില്‍ ചേര്‍ന്ന റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ജനറല്‍ ബോഡിയുടേതാണ് തീരുമാനം.
സമരം നീളുന്നത് രോഗികളെ വലക്കുകയാണ്. ചികിത്സകിട്ടാതെ ബംഗാളിലെ 24 പര്‍ഗാനാസില്‍ നവജാത ശിശു കഴിഞ്ഞ ദിവസം മരിച്ചു. രാജ്യത്തെ മുന്നൂറ് ഡോക്ടര്‍മാര്‍ ഇതിനോടകം രാജി വച്ചുകഴിഞ്ഞു. പ്രശ്നം കൂടുതല്‍ വഷളാവാതിരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൗസ് സര്‍ജ്ജന്മാരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. പ്രശ്ന പരിഹാരം തേടി മമത ബാനര്‍ജിക്കും ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം കേന്ദ്രനിലപാട് തുടക്കം മുതലെ ഡോക്ടര്‍മാര്‍ക്കനുകൂലമാണ്. ഡോക്ടര്‍മാരുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ മമത ബാനര്‍ജിക്ക് കത്തയച്ചിരുന്നു. സമരത്തെ രാഷ്ട്രീയ ആയുധമാക്കി ബിജെപി ബംഗാള്‍ ഘടകം പിന്തുണയറിയിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാരുടേത് ബിജെപി സ്പോണ്‍സേര്‍ഡ് സമരമാണെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു.
കേരളത്തില്‍ നാളെ ഡോക്ടർമാര്‍ പണിമുടക്കും
ബംഗാളിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ ഐഎംഎ ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കില്‍ കേരളത്തിലെ ഡോക്ടര്‍മാരും പങ്കെടുക്കും. രാവിലെ 6 മണി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കിനാണ് ഐഎംഎ ആഹ്വാനം ചെയ്തിരിക്കുന്നത്. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയാകും സമരം. സ്വകാര്യ ആശുപത്രികളിൽ രാവിലെ ആറ് മുതൽ ഇരുപത്തിനാല് മണിക്കൂർ ഒപി പ്രവർത്തിക്കില്ല. ഐ സി യു, ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും.
സർക്കാർ ആശുപത്രികളിൽ രാവിലെ എട്ട് മുതൽ 10 വരെ ഒ പി മുടങ്ങും. മെഡിക്കൽ കോളജുകളിൽ 10 മുതൽ 11 വരെ ഡോക്ടർമാർ പണിമുടക്കും. തിരുവനന്തപുരം ആർ സി സിയിൽ രാവിലെ 11.30 വരെ ഒ പി പ്രവർത്തിക്കില്ല. ദന്താശുപത്രികളും അടച്ചിടും. സർക്കാർ ഡോക്ടർമാരുടെ പ്രൈവറ്റ് പ്രാക്ടീസ് ഉണ്ടാകില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam