ബംഗാള്‍ സംഘര്‍ഷം; സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് ഗവര്‍ണര്‍

By Web TeamFirst Published Jun 12, 2019, 7:46 PM IST
Highlights

സര്‍വകക്ഷി യോഗത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ എത്തുമെന്ന് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി. സിപിഐഎം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ള പ്രധാനപ്പെട്ട പാര്‍ട്ടികളെയെല്ലാം യോഗത്തില്‍ ക്ഷണിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് രാജ്ഭവനിലാണ് യോഗം.

സര്‍വകക്ഷി യോഗത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ എത്തുമെന്ന് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം പാര്‍ത്ഥോ ചാറ്റര്‍ജി, ബിജെപിയില്‍ നിന്നും ദിലിപ് ഘോഷ്, സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് എസ് കെ മിശ്ര, കോണ്‍ഗ്രസില്‍ നിന്നും എസ് എന്‍ മിത്ര എന്നിവരാകും യോഗത്തില്‍ പങ്കെടുക്കുക.

അതേസമയം പശ്ചിമ ബംഗാളിൽ തിങ്കളാഴ്ച ബിജെപി നടത്തിയ ബന്ദിനിടെ ബംഗാളിൽ കാണാതായ ബിജെപി പ്രവര്‍ത്തകന്‍റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തി. തൃണമൂൽ- ബിജെപി സംഘർഷത്തിൽ മരിച്ച ബിജെപി പ്രവർത്തകന്‍റെ മൃതദേഹം സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പാ‍ർട്ടി പാർട്ടി ഓഫീസിലേക്കെത്തിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ബിജെപി തിങ്കളാഴ്ച ബന്ദ് നടത്തിയത്. 

ഒരാഴ്ചയ്ക്കിടെയുണ്ടായ അക്രമ സംഭവങ്ങളിൽ 6 പേരാണ് ബംഗാളിൽ കൊല്ലപ്പെട്ടത്. ക്രമസമാധാന നിലയെക്കുറിച്ച് കേന്ദ്രത്തിന് ഗവര്‍ണര്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കി. ഗവര്‍ണറെ മുഖ്യമന്ത്രി മമത ബാനര്‍ജി പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു.
 

click me!