Latest Videos

ബംഗാൾ രാജ്ഭവനിൽ ജോലിചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശം

By Web TeamFirst Published May 9, 2024, 3:47 PM IST
Highlights

ജീവനക്കാർ എന്ത് ജോലി ചെയ്യുന്നു, എത്രകാലമായി രാജ്ഭവനിലുണ്ടെന്നത് അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം നൽകിയിരിക്കുന്നത്. 

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ രാജ്ഭവനിൽ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാൻ രാജ്ഭവന്‍റെ നിര്‍ദേശം. ഗവർണർ സി വി ആനന്ദബോസിനെതിരെ താല്‍ക്കാലിക ജീവനക്കാരില്‍ ഒരാള്‍ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. നിലവില്‍ 40 താല്‍ക്കാലിക ജീവനക്കാരാണ് രാജ്ഭവനില്‍ ജോലി ചെയ്യുന്നത്. ജീവനക്കാർ എന്ത് ജോലി ചെയ്യുന്നു, എത്രകാലമായി രാജ്ഭവനിലുണ്ടെന്നത് അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം നൽകിയിരിക്കുന്നത്. 

നിലവില്‍ രണ്ട് തവണ കൊല്‍ക്കത്ത പൊലീസ് ലൈംഗികാരോപണ പരാതിയില്‍ അന്വേഷണത്തിനായി രാജ്ഭവൻ സന്ദർശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് ജീവനക്കാർക്ക് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. രണ്ട് തവണ പീഡന ശ്രമമുണ്ടായെന്നും നുണപരിശോധനക്ക് വിധേയയാകാൻ താൻ തയ്യാറാണെന്നുമാണ് പരാതിക്കാരി പറഞ്ഞത്. അതേസമയം അന്വേഷണ സംഘത്തിന്‍റെ  തുടര്‍ നോട്ടീസുകളോട്  രാജ് ഭവന്‍ ജീവനക്കാര്‍ പ്രതികരിച്ചിട്ടില്ല.

ആനന്ദ ബോസിനെതിരായ ലൈം​ഗിക അതിക്രമ പരാതിക്ക് പിന്നാലെ രാജ്ഭവനിലെ കൂടുതൽ ജീവനക്കാർക്കെതിരെ യുവതി പരാതി നൽകിയിരുന്നു. മൂന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പ്യൂൺ, പാൻട്രി ജീവനക്കാരൻ തുടങ്ങിയവർക്കെതിരെയാണ് പരാതി. ഗവർണർക്കെതിരെ പരാതി കൊടുക്കരുതെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു. രാജ്ഭവനിലെ മുറിയിൽ അടച്ചിട്ടെന്നും ഫോൺ തട്ടിപ്പറിച്ചെന്നും പരാതിയിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!