മമതക്ക് തിരിച്ചടി; ബംഗാളില്‍ മറ്റൊരു മന്ത്രി കൂടി രാജിവെച്ചു

By Web TeamFirst Published Jan 5, 2021, 4:53 PM IST
Highlights

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞു. 2016ലാണ് ശുക്ല തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പില്‍ ജയിക്കുകയും മന്ത്രിയാകുകയും ചെയ്തു.
 

കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജിക്ക് തിരിച്ചടിയായി മറ്റൊരു രാജി കൂടി. കായിക മന്ത്രി ലക്ഷ്മി രത്തന്‍ ശുക്ല മന്ത്രി സ്ഥാനം രാജിവെച്ചു. നിരവധി തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് കായിക മന്ത്രിയും സ്ഥാനം രാജിവെച്ചത്. ലക്ഷ്മി രത്തന്‍ ശുക്ലയുടെ രാജി മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സ്ഥിരീകരിച്ചു.

ലക്ഷ്മി നല്ല കുട്ടിയാണ്. കായിക രംഗത്തേക്ക് മടങ്ങിപ്പോകണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. മറ്റ് ആശയക്കുഴപ്പങ്ങളൊന്നുമില്ല. അദ്ദേഹം എംഎല്‍എയായി തുടരും. അദ്ദേഹത്തിന്റെ രാജി അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി. മുന്‍ രഞ്ജി ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയായിരുന്ന ശുക്ല ഹൗറ(ഉത്തര്‍) എംഎല്‍എയാണ്. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞു.

2016ലാണ് ശുക്ല തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പില്‍ ജയിക്കുകയും മന്ത്രിയാകുകയും ചെയ്തു. ടിഎംസിയുടെ കരുത്തനായ നേതാവ് സുവേന്ദു അധികാരിയും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ മമതാ ബാനര്‍ജി ഒറ്റക്കാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

പ്രാദേശിക തലങ്ങളിലും ടിഎംസിയില്‍ നിന്ന് ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്ക് തുടരുകയാണ്. സുവേന്ദു അധികാരിയുടെ സഹോദരന്‍ സൗമേന്ദു അധികാരിയും തന്റെ അനുയായികളോടൊപ്പം ബിജെപയില്‍ ചേര്‍ന്നിരുന്നു.  2021ലാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
 

click me!