
കൊല്‍ക്കത്ത: സിംഗൂര്‍ സംഭവം കഴിഞ്ഞ് ഒന്നര പതിറ്റാണ്ടിന് ശേഷം ടാറ്റയെ ബംഗാളിലേക്ക് ക്ഷണിച്ച് തൃണമൂല്‍ സര്‍ക്കാര്‍. സിംഗൂരിലെ ടാറ്റയുടെ നാനോ കാര്‍ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിനെ എതിര്‍ത്താണ് സിപിഎം ഭരണം അവസാനിപ്പിച്ച് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. നിക്ഷേപത്തിനായി ടാറ്റ ഗ്രൂപ്പിനെ ബംഗാളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഐടി മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു. വമ്പന്‍ കമ്പനികളുടെ നിക്ഷേപത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ബംഗാള്‍ സര്‍ക്കാറിന്റെ ലക്ഷ്യം. തൊഴിലവസരങ്ങളുടെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് ഇന്‍സെന്റീവ് നല്‍കാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്.
''തങ്ങള്‍ക്ക് ടാറ്റയുമായി യാതൊരു ശത്രുതയുമില്ല. അവരുമായി യുദ്ധം ചെയ്തിട്ടില്ല. രാജ്യത്തെ പ്രധാനപ്പെട്ട ബിസിനസ് ഗ്രൂപ്പാണ് ടാറ്റ. സിംഗൂര്‍ വിഷയത്തിലും ടാറ്റയെ കുറ്റം പറയാന്‍ സാധിക്കില്ല. അന്നത്തെ ഇടതു സര്‍ക്കാറിന്റെ ഭൂമിയേറ്റെടുക്കല്‍ നയത്തിനായിരുന്നു കുഴപ്പം. ബംഗാളില്‍ നിക്ഷേപം നടത്താന്‍ ടാറ്റയെ എപ്പോഴും സ്വാഗതം ചെയ്യുന്നു''.-പാര്‍ത്ഥ ചാറ്റര്‍ജി വ്യക്തമാക്കി. പുതിയൊരു നിക്ഷേപത്തിനായി ടാറ്റ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടാറ്റ മെറ്റാലിക്‌സ്, ടിസിഎസില്‍ ടാറ്റ സെന്റര്‍ എന്നിവ നിലവിലുണ്ട്. എന്നാല്‍ വന്‍ നിക്ഷേപ പദ്ധതികള്‍ക്ക് ടാറ്റക്ക് താല്‍പര്യമുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
2006ലാണ് ബംഗാളിനെ ഇളക്കിമറിച്ച സിംഗൂര്‍, നന്ദിഗ്രാം സംഭവം. ടാറ്റയുടെ നാനോ കാര്‍ പദ്ധതിക്കായി 997 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കമ്പനിക്ക് കൈമാറാനുള്ള ഇടതു സര്‍ക്കാര്‍ നീക്കത്തെ മമതാ ബാനര്‍ജി ശക്തമായി എതിര്‍ത്തു. കര്‍ഷക സമരത്തിനെതിരെയുള്ള സര്‍ക്കാര്‍ നടപടി വന്‍ പ്രതിഷേധത്തിന് കാരണമായി. അടുത്ത തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജി ബംഗാളില്‍ അധികാരം പിടിച്ചെടുത്തു. ടാറ്റ നാനോ കാര്‍ പദ്ധതി പിന്നീട് ഗുജറാത്തിലേക്ക് മാറ്റി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam