
ബെംഗളുരു: പ്രവർത്തനക്ഷമത വർധിപ്പിക്കാൻ ഒരു ചെറിയ മയക്കത്തിലൂടെ (Power Nap) ശരീരത്തെ പുനരുജ്ജീവിപ്പിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. ഒരു ബംഗളൂരു സ്റ്റാർട്ട്-അപ്പ് (Start Up) തങ്ങളുടെ ജീവനക്കാർക്ക് ജോലി സമയത്ത് 30 മിനിറ്റ് ഉറക്കം (Sleep) ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. 'ഉറങ്ങാനുള്ള അവകാശം', ജീവനക്കാർക്ക് ഉറങ്ങാൻ കഴിയുന്ന സമയങ്ങൾ എന്നിവ വിശദമാക്കുന്ന പോസ്റ്റർ Wakefit Solutions ട്വിറ്ററിൽ പങ്കുവച്ചു.
ഉച്ചയ്ക്ക് 2 നും 2.30 നും ഇടയിൽ ജീവനക്കാർക്ക് ഉറങ്ങാൻ സമയം അനുവദിക്കുന്നുവെന്ന് അറിയിച്ച് വേക്ക്ഫിറ്റ് സഹസ്ഥാപകൻ ചൈതന്യ രാമലിംഗഗൗഡ അടുത്തിടെ സഹപ്രവർത്തകർക്ക് അയച്ച ഇമെയിലിന്റെ കോപ്പിയും ട്വീറ്റിലുണ്ട്. “ഞങ്ങൾ ഇപ്പോൾ ആറ് വർഷത്തിലേറെയായി ഉറക്കത്തിന്റെ ബിസിനസ്സിലാണ്, എന്നിട്ടും വിശ്രമത്തിന്റെ നിർണായക വശമായ ഉച്ചയുറക്കത്തോട് നീതി പുലർത്തുന്നതിൽ പരാജയപ്പെട്ടു. ഞങ്ങൾ എല്ലായ്‌പ്പോഴും ഉറക്കം ഗൗരവമായി എടുത്തിട്ടുണ്ട്... ” മെയിലിൽ പറയുന്നു.
"26 മിനിറ്റ് ദൈർഘ്യമുള്ള ക്യാറ്റ്നാപ്പിന് പ്രകടനം 33% വർദ്ധിപ്പിക്കാൻ കഴിയുമെന്ന് നാസയുടെ ഒരു പഠനം വെളിപ്പെടുത്തുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ദിവസവും ഉച്ചയ്ക്ക് 2:00 മുതൽ 2:30 വരെ 30 മിനിറ്റ് ഉറങ്ങാൻ ജീവനക്കാർക്ക് അവകാശമുണ്ടെന്നും ഈ സമയത്ത് എല്ലാ ജീവനക്കാരുടെയും കലണ്ടർ ഔദ്യോഗിക ഉറക്ക സമയമായി ബ്ലോക്ക് ചെയ്യുമെന്നും കമ്പനി ട്വിറ്ററിൽ അറിയിച്ചു.
ജീവനക്കാർക്ക് അനുയോജ്യമായ ഉറക്ക അന്തരീക്ഷം നിർമ്മിക്കുന്നതിനായി ഓഫീസിൽ സുഖപ്രദമായ നാപ് പോഡുകളും ശാന്തമായ മുറികളും സൃഷ്ടിക്കുന്നതിലും ശ്രദ്ധ നൽകുന്നുവെന്നും കമ്പനി വ്യക്തമാക്കി. മികച്ച സ്വീകരണമാണ് ഇത്തരമൊരു പ്രവൃത്തിക്ക് ട്വിറ്ററിൽ നിന്ന് ലഭിക്കുന്നത്. നല്ല തീരുമാനമെന്നാണ് ചിലരുടെ കമന്റുകൾ.
കോർണൽ യൂണിവേഴ്സിറ്റിയിലെ സോഷ്യൽ സൈക്കോളജിസ്റ്റായ ജെയിംസ് മാസ് ആണ് പവർ നാപ്പ് എന്ന പദം ഉപയോഗിച്ചത്. പവർ നാപ്പ്, പലപ്പോഴും ക്യാറ്റ് നാപ്പ് എന്നറിയപ്പെടുന്നു. ഇത് ഗാഢനിദ്രയ്ക്ക് (സ്ലോ-വേവ് സ്ലീപ്പ്) മുമ്പ് സംഭവിക്കുന്ന ഒരു ചെറിയ ഉറക്കമാണ്. ഒരു പവർ നാപ്പ് എന്നത് വ്യക്തിയെ വേഗത്തിൽ ഉന്മേഷപ്രദമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam