Latest Videos

ബെംഗളൂരു മയക്കുമരുന്ന് കേസ്; അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും

By Web TeamFirst Published Sep 11, 2020, 6:24 AM IST
Highlights

സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസില്‍ കന്നഡ സിനിമാരംഗത്തെ പ്രമുഖരോടൊപ്പം വ്യവസായിയായ പ്രശാന്ത് രങ്കയും, ലഹരി പാർട്ടികൾ സംഘടിപ്പിച്ച വിരേന്‍ ഖന്നയും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ പേഴ്സണല്‍ സ്റ്റാഫംഗത്തിന്‍റെ വീട്ടില്‍ കഴിഞ്ഞ ദിവസം സിസിബി നടത്തിയ റെയ്ഡില്‍ നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു.

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിലെ ഹവാല ഇടപാട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കും. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം മയക്കുമരുന്നെത്തിച്ചത് ഹവാല പണമുപയോഗിച്ചാണോയെന്നാണ് ബെംഗളൂരു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാടുകൾ നടത്തിയവർക്കെതിരെ ഇഡി കേസെടുത്താല്‍ അവരെ ലഹരി കടത്തു കേസിലും എന്‍സിബി പ്രതിചേർക്കും.

നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ അനിഖയുടെ നേതൃത്വത്തില്‍ പ്രതികൾ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ലഹരിവസ്തുക്കളെത്തിച്ച് ബെംഗളൂരുവില്‍ വില്‍പന നടത്തിയെന്നാണ് കണ്ടെത്തല്‍. കേസിലെ രണ്ടാം പ്രതിയായിട്ടുള്ള അനൂപ് മുഹമ്മദ് 2013 മുതല്‍ മയക്കുമരുന്നിടപാടിലൂടെ നേടിയ ലാഭമുപയോഗിച്ച് കർണാടകത്തില്‍ ഹോട്ടൽ ബിസിനസ് തുടങ്ങിയെന്നും എന്‍സിബിക്ക് മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇഡിയുടെ കൊച്ചി യൂണിറ്റിന്‍റെ ചോദ്യം ചെയ്യലില്‍ ബിനീഷ് നല്‍കിയ മൊഴിയുടെ വിശദാംശങ്ങൾ എന്‍സിബി ശേഖരിച്ചിരുന്നു. ഇതടക്കം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ബെംഗളൂരു ഇഡിയിലെ ഉദ്യോഗസ്ഥർക്ക് എന്‍സിബി കൈമാറി. പ്രതികളെ ചോദ്യം ചെയ്യാനും ബെംഗളൂരു എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ തീരുമാനിച്ചു. ഇവരുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തി ഇഡി ആർക്കെതിരെയെങ്കിലും കേസെടുത്താല്‍ അവരെ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസിലും പ്രതിചേർക്കും. തനിക്ക് ബിസിനസ് തുടങ്ങാനായി ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നല്‍കിയെന്നാണ് മുഹമ്മദ് അനൂപ് എന്‍സിബിക്ക് നല്‍കിയ മൊഴി. എന്നാല്‍ ലഹരി കടത്തില്‍ ബിനീഷ് കോടിയേരിക്കെതിരെ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് എന്‍സിബി ഉദ്യോഗസ്ഥർ പറയുന്നത്.

സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസില്‍ കന്നഡ സിനിമാരംഗത്തെ പ്രമുഖരോടൊപ്പം വ്യവസായിയായ പ്രശാന്ത് രങ്കയും, ലഹരി പാർട്ടികൾ സംഘടിപ്പിച്ച വിരേന്‍ ഖന്നയും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ പേഴ്സണല്‍ സ്റ്റാഫംഗത്തിന്‍റെ വീട്ടില്‍ കഴിഞ്ഞ ദിവസം സിസിബി നടത്തിയ റെയ്ഡില്‍ നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. ശ്രീലങ്കയിലെ ഒരു കസനോവയില്‍ പിടിയിലായ നടിയുമൊത്ത് ഈ പേഴ്സണൽ സ്റ്റാഫംഗം ചൂതാട്ടം നടത്തിയതിന്‍റെ ചിത്രങ്ങളും സിസിബി ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം ദുരൂഹമായ സാമ്പത്തിക ഇടപാടുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ സാഹചര്യത്തിലാണ് സ്വർണകടത്തുകേസിന് പിന്നാലെ ബെംഗളൂരു മയക്കുമരുന്ന് കേസിലും പ്രതികളുടെ ഹവാല ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയെത്തുന്നത്.

click me!