
മോസ്കോ: അതിർത്തിയിലെ സംഘർഷം പരിഹരിക്കാൻ അഞ്ചിന ധാരണ പ്രഖ്യാപിച്ച് ഇന്ത്യയും ചൈനയും. സേനകൾക്കിടയിൽ ഉചിതമായ അകലം പാലിക്കുമെന്നും പിൻമാറ്റം വേഗത്തിൽ നടപ്പാക്കുമെന്നും സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. ശത്രുവായി കാണുന്നില്ലെന്ന് ഇരുരാജ്യങ്ങളും പരസ്പരം അറിയിച്ചു.
തുറന്ന ചർച്ചയ്ക്കു ശേഷം ധാരണയുടെ സൂചന നൽകിയാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ മോസ്കോവിൽ നിന്ന് മടങ്ങിയത്. ഗൽവാനിലെ സംഘർഷത്തിനു ശേഷം ഇതാദ്യമായി സംയുക്തപ്രസ്താവന പുറത്തിറക്കിയ ഇന്ത്യയും ചൈനയുടെ അഞ്ചു നിർദ്ദേശങ്ങൾ വച്ചു
1. നരേന്ദ്ര മോദിക്കും ഷി ജിൻപിങിനുമിടയിൽ നേരത്തെയുണ്ടാക്കിയ ധാരണകൾക്ക് അനുസരിച്ച് ഭിന്നതകൾ തർക്കമായി മാറ്റാതിരിക്കുക
2. അതിർത്തിയിലെ ഇപ്പോഴത്തെ ആവസ്ഥ രണ്ടുപേരുടെയും താല്പര്യത്തിന് വിരുദ്ധമാണ്. സേനകൾ ചർച്ചയിലൂടെ പിൻമാറ്റം ഉടൻ
സാധ്യമാക്കുക. ഉചിതമായ അകലം പാലിക്കുക
3. അതിർത്തി തർക്കത്തിനുള്ള ധാരണ പാലിച്ച് ശാന്തിയും സമാധാനവും ഇല്ലാതാക്കുന്ന നടപടികൾ പരസ്പരം ഒഴിവാക്കും.
4. അതിർത്തിയിലെ ഭിന്നത പരിഹരിക്കാൻ പ്രത്യേക പ്രതിനിധികളുടെ സംവിധാനം വഴി ആശയവിനിമയം തുടരും
5. ഇപ്പോഴത്തെ സംഘർഷം അയഞ്ഞാലുടൻ പരസ്പരം വിശ്വാസം കൂട്ടാനുള്ള നടപടികൾ ചർച്ച ചെയ്ത് ധാരണയിലെത്തും എന്നതാണ്
അഞ്ചാമത്തെ പ്രഖ്യാപനം
ചൈനയുടെ സേന വിന്യാസമാണ് അതിർത്തിയിലെ സ്ഥിതി മാറ്റിയതെന്ന് എസ് ജയശങ്കർ ചർച്ചയിൽ കുറ്റപ്പെടുത്തി. ഇന്ത്യ ചൈന ബന്ധം എങ്ങോട്ടും നീങ്ങാവുന്ന തരത്തിൽ ഒരു നാൽക്കവലയിലാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രിയും പറഞ്ഞു. സംയുക്തപ്രസ്താവനയുടെ അടിസ്ഥാനത്തിൽ കോർകമാൻഡർമാർ ഉടൻ യോഗം ചേർന്ന് മുന്നോട്ടുള്ള യാത്ര ആലോചിക്കും.
പാർലമെൻറിൽ അതിർത്തി വിഷയത്തിൽ ഹ്രസ്വ ചർച്ച നിശ്ചയിച്ചിരിക്കുമ്പോഴാണ് ഈ സംയുക്ത പ്രസ്താവന. പുതിയ പഞ്ചതത്വം പാലിക്കാൻ ചൈനീസ് സേന തയ്യാറാകുമോ എന്നത് ഈ ധാരണയും ഭാവി നിർണ്ണയിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam