ബെംഗളൂരു മയക്കുമരുന്ന് കേസ്; പൊലീസ് റെയ്ഡിന്‍റെ വിവരങ്ങൾ ചോർന്നത് ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ

By Web TeamFirst Published Sep 11, 2020, 7:08 AM IST
Highlights

ഉദ്യോഗസ്ഥർക്കിടയില്‍നിന്നുള്ള വിവരചോ‍ർച്ച വലിയ ഗൗരവത്തോടെയാണ് സിസിബി കാണുന്നത്. നേരത്തെ വിരമിച്ച ചില ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കുന്നുണ്ട്. 

ബെംഗളൂരു: ബെംഗളൂരുവില്‍ ലഹരികടത്തു സംഘത്തെ കണ്ടെത്താന്‍ പൊലീസ് നടത്തിയ റെയ്ഡിന്‍റെ വിവരങ്ങൾ ഉദ്യോഗസ്ഥർക്കിടയില്‍ നിന്നു തന്നെ ചോർന്നതായി കണ്ടെത്തി. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് തങ്ങൾക്കു പിന്നാലെയുണ്ടെന്ന് പ്രതികൾ രണ്ട് മാസം മുന്‍പ് പരസ്പരമയച്ച മൊബൈല്‍ സന്ദേശങ്ങൾ അന്വേഷണസംഘത്തിന് കിട്ടി. ബെംഗളൂരു പൊലീസിലെ ചില ഉദ്യോഗസ്ഥർക്കെതിരെ വൈകാതെ നടപടിയുണ്ടാകുമെന്നാണ് സൂചന.

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിസിബി കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിലാണ് അറസ്റ്റിലായ പ്രതികൾ തമ്മില്‍ രണ്ട് മാസം മുന്‍പ് നടത്തിയ ചാറ്റുകളെ സംബന്ധിച്ച വിവരങ്ങൾ പറയുന്നത്. പൊലീസ് വലിയ ലഹരിവേട്ടയ്ക്കിറങ്ങിയിട്ടുണ്ടെന്നും ലഹരിയെത്തിച്ചു നല്‍കുന്നവരെ ഇപ്പോൾ വിളിക്കരുതെന്നുമാണ് കേസിലെ നാലാം പ്രതിയായ പ്രശാന്ത് രങ്ക അറസ്റ്റിലായ രവിശങ്കറിനയച്ച സന്ദേശം. സിസിബി ജോയിന്‍റ് കമ്മീഷണറായ സന്ദീപ് പാട്ടിലാണ് ലഹരിവേട്ടയ്ക്ക് നേതൃത്വം നല്‍കുന്നതെന്നും സംഘത്തിന്‍റെ പരിശോധനയെപറ്റി വിവരം ലഭിച്ചെന്നുമാണ് മറ്റൊരു സന്ദേശം. 

ഇത്തരത്തിലുള്ള നിരവധി സന്ദേശങ്ങളാണ് പ്രതികളുടെ മൊബൈലില്‍നിന്ന് കണ്ടെത്തിയത്. ഇതെല്ലാം പൊലീസിനുള്ളില്‍ നിന്നുതന്നെ വിവരങ്ങൾ ലഹരികടത്തു സംഘത്തിന് ചോ‍ർന്നുകിട്ടിയതിന് തെളിവായാണ് ഉന്നത ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. സിനിമാ, രാഷ്ട്രീയ മേഖലയില്‍ മാത്രമല്ല പൊലീസ് ഉദ്യോഗസ്ഥർക്കിടിയിലും മയക്കുമരുന്ന് മാഫിയക്ക് ശക്തമായ സ്വാധീനമുണ്ടെന്നതിന് തെളിവുകൂടിയാണിത്.

മയക്കുമരുന്ന് ഉപയോഗിച്ചതിന് രണ്ട് പ്രമുഖ നടിമാരെയും, വിതരണം ചെയ്തതിന് വ്യവസായികളെയും പിടികൂടിയ സെന്‍ട്രല്‍ ക്രൈംബ്രാ‌ഞ്ചിന് പക്ഷേ ഒരിടത്തുനിന്നും മയക്കുമരുന്നുകളൊന്നും കണ്ടെത്താനായിരുന്നില്ല. വിദേശത്തുനിന്നും വലിയ അളവില്‍ മയക്കുമരുന്നെത്തിച്ച് വിതരണം ചെയ്ത ആഫ്രിക്കന്‍ സ്വദേശിയുടെയും , വലിയ ഡ്രഗ് പാർട്ടികൾ സംഘടിപ്പിച്ച വിരേന്‍ ഖന്നയുടെയും വീടുകളില്‍ പുലർച്ചെ റെയ്ഡ് നടത്തിയിട്ടും ഒന്നും കിട്ടിയില്ല. ഇതും ഉന്നത ഉദ്യോഗസ്ഥരിൽ സംശയത്തിന് കാരണമായിരുന്നു.

ഉദ്യോഗസ്ഥർക്കിടിയില്‍നിന്നുള്ള വിവരചോ‍ർച്ച വലിയ ഗൗരവത്തോടെയാണ് സിസിബി കാണുന്നത്. നേരത്തെ വിരമിച്ച ചില ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തി ചില ഉദ്യോഗസ്ഥർക്കെതിരെ വൈകാതെ നടപടിയുണ്ടാകുമെന്നാണ് സൂചന.

click me!