
ബെംഗളൂരു: ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ രണ്ട് വിദേശ പൗരന്മാർ ഷോക്കേറ്റ് മരിച്ചു. ജർമ്മൻ, സ്ലൊവാക്യൻ സ്വദേശികളാണ് മരിച്ചത്. ഹലസൂരുവിലെ ഹോട്ടലിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
ജർമ്മൻ പൗരനും ലുഫ്താൻസ എയർലൈൻസിലെ ജീവനക്കാരനുമായ അലക്സാണ്ടർ മാക്സിമിലിയൻ തീസ് (57), സ്ലൊവാക്യൻ പൗരനും ഐബിഎം പ്രോജക്ട് മാനേജരുമായ ജൂറാജ് ഹോർവാത് (45) എന്നിവരാണ് മരിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് രണ്ടു പേർക്ക് വൈദ്യുതാഘാതമേറ്റു. ഹോട്ടലിലുണ്ടായിരുന്ന അമേരിക്കൻ പൗരനും ഇന്ത്യക്കാരനായ പൂൾ അറ്റൻഡൻ്റിനുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി. ഫൈവ് സ്റ്റാർ ഹോട്ടലായ കോൺറാഡിലാണ് ദുരന്തമുണ്ടായത്.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നാം നിലയിലുള്ള നീന്തൽക്കുളത്തിലാണ് സംഭവം. അലക്സാണ്ടറുടെ ഭാര്യ സിൽവിയ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇരുവരും സ്വിമ്മിംഗ് പൂളിൽ വൈദ്യുതാഘാതമേറ്റ് വെള്ളത്തിൽ മുങ്ങിമരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. നീന്തൽക്കുളം കൃത്യമായി പരിപാലിക്കുന്നതിൽ കോൺറാഡ് ഹോട്ടൽ മാനേജ്‌മെന്‍റ് വരുത്തിയ അശ്രദ്ധ മൂലമാണ് മരണം സംഭവിച്ചതെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഹോട്ടൽ മാനേജ്‌മെന്‍റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നീന്തൽക്കുളം നവംബർ 30 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിരിക്കുന്നു എന്നാണ് ഹോട്ടൽ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അറിയിപ്പ്. 24 നിലകളുള്ള ലക്ഷ്വറി ഫൈവ് സ്റ്റാർ ഹോട്ടലാണ് കോൺറാഡ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam