ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ അമിത് ഷാ ബിജെപി പ്രവർത്തകർക്ക് കർശന നിർദേശം നൽകി. സംസ്ഥാന നിർവാഹക സമിതിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അദ്ദേഹം പുകഴ്ത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചില്ല.
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറാകുന്ന ഉത്തർ പ്രദേശിലെ പ്രവർത്തകർക്ക് കർശന മുന്നറിയിപ്പുമായി അമിത് ഷാ. അഭിപ്രായ വ്യത്യാസങ്ങൾ ഗോമതി നദിയിലെറിഞ്ഞ് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഷാ നിർദേശിച്ചു. സംസ്ഥാന നിർവാഹക സമിതിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാത്തത് ശ്രദ്ധേയമായി.
ബിജെപിക്കും കേന്ദ്രസർക്കാറിനും ഏറെ നിർണായകമായ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ ഭിന്നതയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് അമിത് ഷാ നൽകുന്നത്. ഒരു ഭിന്നതയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പ്രതിഫലിക്കരുത്, ആർക്കെങ്കിലും നിരാശയോ നീരസമോ ഉണ്ടെങ്കിൽ യോഗം കഴിഞ്ഞ് പോകുമ്പോൾ അത് ഗോമതി നദിയിൽ വലിച്ചെറിഞ്ഞ് പ്രവർത്തിക്കാനിറങ്ങണമെന്നാണ് ഇന്നലെ ലക്നൗവിൽ ചേർന്ന സംസ്ഥാന നിർവാഹക സമിതിയിൽ അമിത് ഷാ നൽകിയ താക്കീത്. രാമക്ഷേത്ര കൊള്ള, ആർഎസ്എസുമായുള്ള ഭിന്നത, യുപി മന്ത്രിസഭയിലെ അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങിയവ താഴേത്തട്ടിലെ പ്രവർത്തനങ്ങളെ ബാധിക്കരുതെന്നാണ് അമിത് ഷാ നിർദേശിച്ചത്.
എംഎൽസി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരാണസിയിലെ രണ്ട് സീറ്റുകൾ ഉൾപ്പെടെ അഞ്ചിടത്ത് സമാജ് വാദി പാർട്ടി വിജയിച്ചത് ബിജെപിയിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് അമിത് ഷായുടെ മുന്നറിയിപ്പ്. അതേസമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന ഒരു സൂചനയും അമിത് ഷാ നൽകിയിട്ടില്ല. യോഗി ആദിത്യനാഥിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി യോജിപ്പിന്റെ സന്ദേശം പ്രവർത്തകർക്ക് നൽകാൻ അമിത് ഷാ ശ്രമിക്കുമ്പോഴും പാർട്ടിയിലെ ഭിന്നതയാണ് ഇക്കാര്യത്തിലെ പ്രഖ്യാപനം തൽക്കാലം ബിജെപി ഒഴിവാക്കാൻ കാരണം. സഖ്യകക്ഷികളെ കൂടെ നിറുത്താനടക്കം നീക്കങ്ങൾ വരും ദിവസങ്ങളിൽ ബിജെപി കേന്ദ്ര നേതൃത്വം തുടങ്ങും എന്നാണ് സൂചന.







