
ബെംഗലുരു: മികച്ച കാലാവസ്ഥയ്ക്ക് ഏറെ പേരുകേട്ട ബെംഗലുരു കനത്ത ചൂടിന്റെ പിടിയിൽ. ഏപ്രിൽ 28ന് ബെംഗലുരു നഗരത്തിൽ രേഖപ്പെടുത്തിയത് 38.5 ഡിഗ്രി സെൽഷ്യസ് ചൂടാണ്. അരനൂറ്റാണ്ടിനിടെ ബെംഗലുരു നഗരത്തിൽ അനുഭവപ്പെടുന്ന ഏറ്റവും കൂടിയ അന്തരീക്ഷ താപമാണ് ഇത്. ചൂട് അതി രൂക്ഷമാവുകയും ജല ക്ഷാമം രൂക്ഷമായി തുടരുകയും ചെയ്തതോടെ മഴയെത്തുമെന്ന് കാലാവസ്ഥാ പ്രവചനത്തിൽ കണ്ണ് നട്ടിരിക്കുകയാണ് നഗരവാസികൾ.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദമാക്കുന്നത് അനുസരിച്ച് 2016ലാണ് സമാനമായ രീതിയിൽ താപനില എത്തിയത്. ഒരു ദിവസത്തിനുള്ളിൽ 3.3 ഡിഗ്രി സെൽഷ്യസാണ് അന്തരീക്ഷ താപ നില കൂടിയത്. മാർച്ച് മാസത്തിലും ഏപ്രിലിലും രൂക്ഷമായ ചൂടാണ് ബെംഗലുരുവിലുണ്ടായത്. സമീപ പ്രദേശങ്ങളായ കലബുറഗിയിലും മറ്റും ചൂടിന് ചെറിയ കുറവ് വന്നിട്ടുണ്ട്. കർണാടകയിൽ ഏറ്റവും രൂക്ഷമായ അന്തരീക്ഷ താപനില അനുഭവപ്പെടാറുള്ള സ്ഥലങ്ങളിലൊന്നാണ് കലബുറഗി. ഏപ്രിൽ 30 വരെ മഴ പെയ്യാനുള്ള സാധ്യതകൾ കാലാവസ്ഥാ വിഭാഗം തള്ളിയിട്ടുണ്ട്.
ബിദാർ, കലബുറഗി,യാദ്ഗിരി മേഖലകളിൽ ചെറിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വിശമാക്കുന്നു. മെയ് 1, 2 തിയതികളിൽ ചൂടിന് ആശ്വാസമായി മഴയെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഏറ്റവുമൊടുവിലായി നഗരത്തിൽ മഴ പെയ്തത് കഴിഞ്ഞ വർഷം നവംബർ 21നായിരുന്നു. ഇതിന് പിന്നാലെ ജനുവരി 11ഓടെ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നുവെങ്കിലും മഴ നഗരവാസികളുടെ മേലെ കനിഞ്ഞില്ല. ഭൂർഗഭ ജലനിരപ്പിനേയും കനത്ത ചൂട് സാരമായി ബാധിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം