
ബെംഗളൂരു: കർണാടകയിലെ അധോലോക നായകനായിരുന്ന മുത്തപ്പ റായ് അർബുദ ബാധയെ തുടർന്ന് മരിച്ചു. ഒരുകാലത്ത് ബെംഗളൂരു അടക്കിവാണ അധോലോക നേതാവായിരുന്ന മുത്തപ്പ റായ് പിന്നീട് മാനസാന്തരപ്പെട്ടു. ബാങ്ക് ജീവനക്കാരനിൽ നിന്ന് അധോലോക നേതാവും സാമൂഹ്യപ്രവർത്തകനും സിനിമാ നടനുമായി വഴിത്തിരിവുകൾ ഏറെ കണ്ട ജീവിതമാണ് അവസാനിക്കുന്നത്.
ദക്ഷിണ കന്നഡയിൽ ജനിച്ച മുത്തപ്പ റായ് വിജയ ബാങ്കിൽ ക്ലർക്കായാണ് ജീവിതം തുടങ്ങിയത്. പിന്നീട് സ്വന്തം ബിസിനസ് തുടങ്ങാൻ ബെംഗളൂരുവിലെത്തിയതോടെ കഥ മാറി. അധോലോക വഴിയിൽ മുത്തപ്പ റായ് എത്തി. മുംബൈയിൽ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടാക്കി. 1989ൽ ബെംഗളൂരു അധോലോകം നിയന്ത്രിച്ചിരുന്ന എം പി ജയരാജിനെ പട്ടാപ്പകൽ വെടിവച്ച് കൊന്നതോടെ മുത്തപ്പ റായ് വാര്‍ത്തകളിലിടം പിടിച്ചു.
കത്തിയും കൊടുവാളും മാത്രം പരിചിതമായിരുന്ന ബെംഗളൂരു അധോലോകത്തെ തോക്ക് കൊണ്ട് റായ് നിയന്ത്രിച്ചു തുടങ്ങി. 10 വർഷം അങ്ങനെ പോയി. രണ്ടായിരത്തിൽ മുത്തപ്പ റായ്‌ക്ക് നേരെയുണ്ടായ വധശ്രമത്തിൽ ഡ്രൈവർ കൊല്ലപ്പെട്ടു. യുഎഇയിലേക്ക് കടന്നെങ്കിലും അവിടെ നിന്ന് നാടുകടത്തി. പിന്നാലെ അധോലോകം ഉപേക്ഷിച്ച് റായ് സാമൂഹ്യപ്രവർത്തനങ്ങളിലേക്ക് കടന്നു. ജയ കർണാടക എന്ന പേരിൽ സംഘടന തുടങ്ങി. കമ്പളയോട്ടം പ്രോത്സാഹിപ്പിക്കാൻ ശ്രമങ്ങൾ നടത്തി. കർണാടക അത്‍ലറ്റിക് അസോസിയേഷന്‍റെ പ്രസിഡന്‍റായി.
തലച്ചോറിൽ അർബുദം സ്ഥിരീകരിച്ചതോടെ പൊതുവേദികളിൽ നിന്ന് ഒഴിഞ്ഞു. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരി അറസ്റ്റിലായതിന് പിന്നാലെ മുത്തപ്പ റായിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇരുപത് വർഷം മുമ്പുണ്ടായ കൊലപാതകക്കേസിലായിരുന്നു അത്. തെളിവില്ലാത്തതിനാൽ ഭൂരിഭാഗം കേസുകളിലും റായിയെ വെറുതെവിട്ടിരുന്നു. രണ്ട് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മുത്തപ്പ റായിയുടെ ജീവിതം രാംഗോപാൽ വർമ സിനിമയാക്കിയെങ്കിലും തിയറ്ററുകളിൽ എത്തിയില്ല.
രഹന ഫാത്തിമയെ ബിഎസ്എൻഎൽ ജോലിയിൽ നിന്നും പുറത്താക്കി
കൊവിഡ് രോഗികള്‍ ഐസൊലേഷനില്‍ നിന്ന് ഓടിപ്പോയി; വെടിവയ്ക്കാന്‍ അനുമതിയുമായി അധികൃതര്‍