
ബെംഗളൂരു: ഓഫീസിലെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹപ്രവർത്തകന്റെ അടിയേറ്റ് 41-കാരനായ യുവാവ് മരിച്ചു. ചിത്രദുർഗ സ്വദേശിയായ ഭീമേശ് ബാബു (41) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. രാത്രി ഷിഫ്റ്റിലുണ്ടായിരുന്ന ഭീമേശും ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ സൊമാല വംശിയും (24) തമ്മിൽ ലൈറ്റ് അണയ്ക്കുന്നതിനെച്ചൊല്ലി രൂക്ഷമായ വാഗ്വാദം ഉണ്ടായി. തുടർന്ന്, ദേഷ്യം നിയന്ത്രിക്കാനാവാതെ വംശി, ഓഫീസിലുണ്ടായിരുന്ന ഡംബെൽ ഉപയോഗിച്ച് ഭീമേശിന്റെ നെറ്റിയിൽ ശക്തമായി അടിക്കുകയായിരുന്നു. അടിയേറ്റ ഭീമേശ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
ബെംഗളൂരുവിൽ വാടകക്കെടുത്ത ഓഫീസിനുള്ളിൽവെച്ചാണ് ദാരുണമായ സംഭവം നടന്നത്. പൊലീസ് നൽകുന്ന വിവരമനുസരിച്ച്, സിനിമ ഷൂട്ടിങ് വീഡിയോകൾ സൂക്ഷിക്കുന്ന 'ഡാറ്റാ ഡിജിറ്റൽ ബാങ്ക്' എന്ന കമ്പനിയുടെ ഓഫീസിൽ പുലർച്ചെ 1:30 ഓടെയാണ് കൊലപാതകം നടന്നത്. പ്രതിയായ സൊമാല വംശി ഗോവിന്ദരാജ് നഗർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി. വംശിക്കെതിരെ കൊലപാതകത്തിന് കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.