
വിശാഖപട്ടണം: ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 10 ആയി. സ്ത്രീകളും 12 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടെ മരിച്ചവരിലുണ്ട്. 15 പേർക്ക് പരിക്കേറ്റു. ഉൾക്കൊള്ളാവുന്നതിന്‍റെ എട്ട് മടങ്ങിലേറെ ആളുകൾ ദർശനത്തിന് എത്തിയതാണ് കാസി ബുഗ്ഗയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ദുരന്തത്തിന് വഴിവച്ചത്. രാഷ്ട്രപതി ദ്രൌപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈമാറും. പരിക്കേറ്റവർക്ക് അര ലക്ഷം രൂപ വീതവും.
സ്വകാര്യ ഭൂമിയിൽ നിർമിച്ച ക്ഷേത്രമാണിത്. ഇന്നത്തെ പരിപാടിയെ കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന് ശ്രീകാകുളം എസ്പി കെ വി മഹേശ്വര റെഡ്ഡി പറഞ്ഞു. ഈ ദുരന്തത്തിന്‍റെ ഉത്തരവാദി ആരായാലും അവരെ പിടികൂടും, ശിക്ഷിക്കുമെന്നും എസ്പി പറഞ്ഞു.
ശ്രീകാകുളത്ത് നിന്ന് 80 കിലോമീറ്റർ അകലെ കാസി ബുഗ്ഗ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. രണ്ടായിരം മുതൽ മൂവായിരം വരെ ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ക്ഷേത്രത്തിൽ കാൽലക്ഷത്തോളം പേർ എത്തിയതോടെ തിരക്ക് നിയന്ത്രണാതീതമാകുകയായിരുന്നു. മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നതോടെ തിങ്ങിക്കൂടി നിന്നവരിൽ ചിലർക്ക് ബോധക്ഷയമുണ്ടായി. ഇതോടെ ആളുകൾ പരിഭ്രാന്തരാകുകയും പടിക്കെട്ടിൽ നിന്ന് ക്ഷേത്രത്തിനകത്തേക്ക് തിരക്കി കയറാൻ ശ്രമിക്കുകയുമായിരുന്നു.
പിന്നാലെ ആളുകളെ നിയന്ത്രിക്കാൻ തയ്യാറാക്കിയിരുന്ന ഉരുക്ക് റെയിലുകൾ തകർന്നുവീണു. നിലത്തുവീണവരെ മറ്റുള്ളവർ ചവിട്ടിയതോടെ ശ്വാസം മുട്ടിയും വാരിയെല്ലുകൾ തകർന്നുമാണ് മരണം സംഭവിച്ചത്. അപകടത്തിന് പിന്നാലെ കുതിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതിനാലാണ് ആഘാതം കുറഞ്ഞത്.
രണ്ടു കൊല്ലങ്ങൾക്ക് മുൻപ് നിർമാണം തുടങ്ങി, മെയ് മാസം മുതൽ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങിയ ക്ഷേത്രത്തിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല. കയറാനും ഇറങ്ങാനും ഒറ്റ കവാടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വലിയ തിരക്ക് പ്രതീക്ഷിക്കാതിരുന്ന സംഘാടകർ പൊലീസ് സഹായം തേടിയതുമില്ല. ഇതെല്ലാമാണ് മറ്റൊരു ദുരന്തത്തിലേക്ക് നയിച്ചത്. അപകടം ഹൃദയഭേദകമാണെന്ന് പറഞ്ഞ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പരിക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകി. സംസ്ഥാനത്തെ മന്ത്രിമാർ തന്നെ നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ആന്ധ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.