
ബെംഗളൂരു: ഒല ഇലക്ട്രിക്സിലെ യുവ എഞ്ചിനീയർ ജീവനൊടുക്കി. ഓല സ്ഥാപകൻ ഭവിഷ് അഗർവാൾ ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥർക്കെതിരെ മാനസിക പീഡനവും സാമ്പത്തിക ചൂഷണവും ആരോപിച്ച് 28 പേജുള്ള ഒരു കുറിപ്പ് എഴുതി വച്ചിട്ടാണ് 38കാരനായ കെ അരവിന്ദ് എന്ന എൻജിനീയർ ജീവനൊടുക്കിയത്. അതേസമയം, അരവിന്ദ് ജോലിയെക്കുറിച്ചോ പീഡനത്തെക്കുറിച്ചോ ഒരു പരാതിയും ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ലെന്ന് ഓല പ്രസ്താവനയിൽ പറഞ്ഞു. 2022 മുതൽ ഒലയിൽ ഹോമോലോഗേഷൻ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു അരവിന്ദ്. കുടുംബത്തിന്റെ പരാതിയിൽ ഒല സ്ഥാപകൻ ഭവിഷ് അഗർവാൾ, സുബ്രത് കുമാർ ദാസ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
സെപ്റ്റംബർ 28 ന് ബെംഗളൂരുവിലെ ചിക്കലസാന്ദ്രയിലുള്ള വസതിയിൽ വച്ച് വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും അരവിന്ദ് മരിച്ചു. പൊലീസ് അസ്വാഭാവിക മരണ റിപ്പോർട്ട് (യുഡിആർ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സഹോദരന് 28 പേജുള്ള ഒരു കുറിപ്പ് എഴുതിയാണ് അരവിന്ദ് ജീവിതം അവസാനിപ്പിച്ചത്. അതിൽ സുബ്രത് കുമാർ ദാസിനും ഭവിഷ് അഗർവാളിനും എതിരെ ജോലിസ്ഥലത്തെ പീഡനവും സമ്മർദ്ദവും ആരോപിച്ചു. അരവിന്ദ് മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ശമ്പളവും അലവൻസുകളും നിഷേധിച്ചതുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സഹോദരന്‍ പറയുന്നു.
മരണത്തിന് രണ്ട് ദിവസത്തിന് ശേഷം നെഫ്റ്റ് വഴി അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് 17,46,313 രൂപയുടെ സംശയാസ്പദമായ ബാങ്ക് ട്രാൻസ്ഫർ നടന്നുവെന്ന് സഹോദരൻ ആരോപിച്ചു. ഇടപാടിനെക്കുറിച്ച് വ്യക്തതയ്ക്കായി ഒലയെ സമീപിച്ചപ്പോൾ, അവ്യക്തമായ മറുപടികൾ ലഭിച്ചതായി സഹോദരൻ പറഞ്ഞു. പിന്നീട്, കമ്പനിയുടെ മൂന്ന് പ്രതിനിധികളായ ക്രതേഷ് ദേശായി, പരമേഷ്, റോഷൻ എന്നിവർ അരവിന്ദിന്റെ വസതി സന്ദർശിച്ചെങ്കിലും സാമ്പത്തിക കൈമാറ്റത്തെക്കുറിച്ച് വിവരം നൽകിയില്ല. ഇത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ സംശയം ജനിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അരവിന്ദിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ഒക്ടോബർ 6 ന് ഭവിഷ് അഗർവാൾ, ദാസ്, മറ്റുള്ളവർ എന്നിവർക്കെതിരെ പൊലീസ് കേസ് ഫയൽ ചെയ്തു. മേലുദ്യോഗസ്ഥരിൽ നിന്നുള്ള നിരന്തരമായ പീഡനം, അപമാനം, സാമ്പത്തിക ചൂഷണം എന്നിവയാണ് അരവിന്ദിന്റെ മരണത്തിന് കാരണമെന്ന് എഫ്‌ഐആറിൽ ആരോപിക്കുന്നു. ദാസ്, അഗർവാൾ എന്നിവരുൾപ്പെടെയുള്ള കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് നിയമനടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, ജീവനക്കാരന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഓല പ്രസ്താവന പുറത്തിറക്കി. സ്ഥാപകനും മറ്റുള്ളവർക്കുമെതിരായ എഫ്‌ഐആറിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഒല അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)