
ബെംഗളൂരു: റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്താത്തതിൽ എംഎൽഎക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. ഐടി നഗരമായ ബെംഗളൂരുവിലെ ജയനഗർ 4, 9 ബ്ലോക്കുകളിലെ നിവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രദേശത്തെ എംഎൽഎ സി കെ രാമമൂർത്തി റോഡ് നന്നാക്കുമെന്നും മറ്റ് സൗകര്യങ്ങൾ ഒരുക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഏകദേശം രണ്ട് വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയായിട്ടില്ല. സാനിറ്ററി, വാട്ടർ ലൈനുകൾ സ്ഥാപിക്കൽ എന്നിവ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ 10 ദിവസത്തിനിടെ താമസക്കാർ മൂന്നിലധികം പ്രതിഷേധങ്ങൾ നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി, ‘എംഎൽഎ എവിടെ’ എന്നെഴുതിയ പ്ലക്കാർഡുകൾ പിടിച്ച്, കുഴികളിൽ അടയാളങ്ങൾ രേഖപ്പെടുത്തിയായിരുന്നു പ്രതിഷേധം. ജയനഗർ പോലുള്ള ഒരു ജനവാസ മേഖലയിൽ ഇത്രയും കാലതാമസം നേരിടുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വാഗ്ദാനം ചെയ്ത എംഎൽഎയെ എവിടെയും കാണാനില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനവും പ്രതികരിക്കുന്നില്ലെന്ന് പ്രാദേശിക വനിതാ നേതാവായ മഹാലക്ഷ്മി പറഞ്ഞു.
അനുവദിച്ച എല്ലാ ഫണ്ടുകളും റോഡുകൾ നന്നാക്കാൻ വിനിയോഗിക്കുമെന്ന് സൗത്ത് സിറ്റി കോർപ്പറേഷൻ ചീഫ് എഞ്ചിനീയർ ബസവരാജ് കബാഡെ പറഞ്ഞു. ശ്രദ്ധ ആവശ്യമുള്ള റോഡുകളുടെ പട്ടിക ഞങ്ങൾ തയാറാക്കുകയാണ്. മിക്ക റോഡുകളും പ്രധാന റോഡുകളാണ്, ഇതിന്റെ നിയന്ത്രണം ഭാഗികമായി കോർപ്പറേഷന്റെതാണ്. എന്നിരുന്നാലും, റോഡുകൾ എത്രയും വേഗം ശരിയാക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.