
ബെംഗളൂരു: ബെംഗളൂരു നഗരത്തെ ഞെട്ടിച്ച 7 കോടി രൂപയുടെ കവർച്ചാ കേസിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി പോലീസ്. പ്രാഥമിക ചോദ്യം ചെയ്യലിൽ വാൻ ഡ്രൈവർക്കും പണം കൊണ്ടുപോയ ഏജൻസിയിലെ ജീവനക്കാർക്കും കവർച്ചയിൽ പങ്കില്ലെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ് എത്തിയിരിക്കുന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഇവരുടെ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്താനായില്ല. ഉച്ചയ്ക്ക് 12:30 ഓടെ ജെപി നഗറിലെ അശോക പില്ലറിന് സമീപമാണ് കവർച്ച നടന്നത്. എച്ച്.ഡി.എഫ്.സി. ബാങ്കിൽ നിന്ന് ഗോവിന്ദരാജപുരത്തേക്ക് കൊണ്ടുപോവുകയായിരുന്ന പണമാണ് ഇന്നോവ കാറിലെത്തിയ എട്ടംഗ സംഘം തടഞ്ഞു നിർത്തി കൊള്ളയടിച്ചത്. കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി വാൻ തടയുകയായിരുന്നു.
വാനിൻ്റെ ഡ്രൈവറെയും സിഎംഎസ് സ്ഥാപനത്തിലെ ജീവനക്കാരനെയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെയും പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളിലെ വൈരുദ്ധ്യം സംശയത്തിന് ഇട നൽകിയിരുന്നെങ്കിലും, നിലവിലെ അന്വേഷണത്തിൽ ഇവർക്ക് പങ്കില്ലെന്ന് പോലീസ് കരുതുന്നു. കവർച്ച നടന്ന സ്ഥലത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ടവറിൻ്റെ പരിധിയിൽ വന്നു പോയവരെ നിരീക്ഷിച്ച് വരികയാണ്. കവർച്ചയ്ക്ക് എത്തിയ സംഘം സംസാരിച്ചിരുന്നത് കന്നഡ ഭാഷയിലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വാനിലുണ്ടായിരുന്ന ഡി വി ആർ (സിസിടിവി റെക്കോർഡിംഗ് യൂണിറ്റ്) കൊള്ളക്കാർ കൊണ്ടുപോയത് അന്വേഷണത്തിന് വെല്ലുവിളിയായിട്ടുണ്ട്.
കവർച്ച നടന്ന കാര്യം പോലീസിനെ അറിയിക്കാൻ ജീവനക്കാർ വൈകിയതും, സായുധരായിരുന്നിട്ടും ആയുധം ഉപയോഗിക്കാതിരുന്നതും, സിസിടിവി. ക്യാമറകൾ ഇല്ലാത്ത ഭാഗത്ത് വാഹനം നിർത്തിയതും നേരത്തെ സംശയങ്ങൾക്ക് ഇട നൽകിയിരുന്നു. കവർച്ചക്കാർ എത്തിയ ഗ്രേ കളർ ഇന്നോവ കാറിൻ്റെ നമ്പർ വ്യാജമാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ബെംഗളൂരു നഗരത്തിലുടനീളവും തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ സാധ്യതയുള്ള അതിർത്തി പ്രദേശങ്ങളിലും പൊലീസ് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam