ഓൺലൈനിലൂടെ ജോലി വാഗ്ദാനം നൽകി തട്ടിപ്പ്; വിദ്യാർത്ഥിനിക്ക് നഷ്ടമായത് 60,000 രൂപ

By Web TeamFirst Published Feb 3, 2020, 8:59 PM IST
Highlights

പണം തിരിച്ച് നൽകാമെന്ന് അറിയിച്ച വ്യക്തി അതിന്റെ ഭാഗമായി അവർ അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നാവശ്യപ്പെട്ടു. അപ്രകാരം ചെയ്ത ഉടനെ തന്റെ അക്കൗണ്ടിൽ നിന്ന് 50,000 രൂപ നഷ്ടപ്പെടുകയായിരുന്നുവെന്ന് സൗമ്യ നൽകിയ പരാതിയിൽ പറയുന്നു.

ബെംഗളൂരു: ഓൺലൈൻ ജോബ് പോർട്ടൽ ജോലി ലഭിക്കുമെന്ന് കരുതി രജിസ്ട്രേഷനും മറ്റുമായി പണമയച്ച വിദ്യാർത്ഥിനി തട്ടിപ്പിനിരയായി. തനിക്ക് 60,000 രൂപ നഷ്ടപ്പെട്ടതായി വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകി. ബിടിഎം ലേ ഔട്ടിൽ താമസിക്കുന്ന സൗമ്യയാണ് പൊലീസിൽ പരാതി നൽകിയത്.
 
കഴിഞ്ഞ 24 നാണ് തനിക്ക് ജോബ് പോർട്ടൽ പ്രതിനിധിയാണെന്നു പറഞ്ഞ് ഒരാളുടെ ഫോൺ വന്നതെന്ന് സൗമ്യ പറയുന്നു. പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ഉയർന്ന ജോലി ലഭിക്കുമെന്ന് ഇയാൾ വാഗ്ദാനം നൽകുകയും ചെയ്തു. ഫോണിൽ സംസാരിച്ച വ്യക്തിയുടെ നിർദ്ദേശ പ്രകാരം രജിസ്ട്രേഷൻ ഫീസായി 2,500 രൂപയും ടെലിഫോണിക് ഇന്റർവ്യൂവിനായി 7,500 രൂപയും അയച്ചതായും സൗമ്യ പൊലീസിനോട് പറഞ്ഞു.

ജോലി ഉറപ്പുവരുത്തുന്നതിനായി 15,000 രൂപ കൂടി നൽകണമെന്ന് അറിയിച്ചപ്പോഴാണ് തട്ടിപ്പ് സംഘമാണോയെന്ന് സൗമ്യക്ക് സംശയം തോന്നിയത്. ഇതേ തുടർന്ന് ജോലി വേണ്ടെന്നും നേരത്തെ അയച്ച പണം തിരികെ തരണമെന്നും സൗമ്യ അറിയിക്കുകയായിരുന്നു.

പണം തിരിച്ച് നൽകാമെന്ന് അറിയിച്ച വ്യക്തി അതിന്റെ ഭാഗമായി അവർ അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നാവശ്യപ്പെട്ടു. അപ്രകാരം ചെയ്ത ഉടനെ തന്റെ അക്കൗണ്ടിൽ നിന്ന് 50,000 രൂപ നഷ്ടപ്പെടുകയായിരുന്നുവെന്ന് സൗമ്യ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
 

click me!