
ബംഗളൂരു: എട്ടാം ക്ലാസിലെ വാർഷിക പരീക്ഷ ചോദ്യക്കടലാസിൽ ഓപ്ഷൻസായി രാഷ്ട്രീയ നേതാക്കളുടെ പേര് നൽകിയ അധ്യാപകനെ സ്കൂൾ അധികൃതർ പിരിച്ച് വിട്ടു. കർഷകരുടെ സുഹൃത്ത് ആരാണെന്ന് ചോദ്യത്തിന് മണ്ണിര, ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ, കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി എന്നിങ്ങനെയായിരുന്നു ഓപ്ഷൻസ്. ബംഗളൂരുവിലെ മൗണ്ട് കാരമൽ ഇംഗ്ലീഷ് ഹൈസ്കൂളിലെ അധ്യാപകനെയാണ് ജോലിയിൽ നിന്ന് പിരിച്ച് വിട്ടത്.
സ്കൂൾ അധികൃതർ അറിയാതെയാണ് ചോദ്യം ഉൾപ്പെടുത്തിയതെന്നും ചോദ്യക്കടലാസ് തയ്യാറാക്കിയ അധ്യാപകനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടതായും സ്കൂൾ പ്രിൻസിപ്പാൾ രാഗവേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടതോളം ഈ ചോദ്യക്കടലാസ് ഒരു തുറുപ്പ് ചീട്ടാണ്. അതുകൊണ്ട് തന്നെ കന്നഡ ഭാഷയിൽ തയ്യാറാക്കിയ ചോദ്യക്കടലാസായിട്ട് പോലും മണിക്കൂറുകൾ കൊണ്ടാണ് ചോദ്യകടലാസ് സോഷ്യൽമീഡിയയിൽ വൈറലായത്.
കർണാടകയിലെ തെക്കെ ഭാഗങ്ങളിൽ ബിജെപി യൂണിറ്റ് പ്രസിഡന്റ് യെദ്യൂരപ്പയെ 'കർഷകരുടെ സുഹൃത്ത്' എന്നും ജനതാദൾ സെക്കുലർ പാർട്ടി നേതാവും കൂടിയായ കുമാരസ്വാമിയെ 'കർഷകരുടെ നേതാവ്' എന്നുമാണ് അറിയപ്പെടുന്നത്. ജനതാദൾ സെക്കുലർ പാർട്ടിയുടെ കൊടി തന്നെ കറ്റയേന്തിയ സ്ത്രീയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam