
ബെംഗളൂരു: മാട്രിമോണിയൽ ആപ്പിൽ വിദേശത്ത് ഡോക്‌ടറായ യുവാവിൽ നിന്ന് വന്ന വിവാഹാഭ്യർത്ഥന വിശ്വസിച്ച യുവതിക്ക് 6.43 ലക്ഷം രൂപ നഷ്ടമായി. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന 34കാരിയായ പ്രിയ ബിശ്വാസാണ് തട്ടിപ്പിന് ഇരയായത്. മാട്രിമോണി ആപ്പിൽ വിക്രം സിസോദ് എന്ന് പരിചയപ്പെടുത്തിയ ആളാണ് തട്ടിപ്പ് നടത്തിയത്. ഒക്ടോബർ 24 നാണ് ഇയാൾ ആദ്യമായി പ്രൊഫൈൽ വഴി റിക്വസ്റ്റ് അയച്ചത്. നെതർലൻ്റിൽ ജോലി ചെയ്യുന്ന ഓർത്തോപീഡിക് ഡോക്‌ടറെന്ന് പരിചയപ്പെടുത്തിയ ഈ പ്രൊഫൈൽ, യുവതിയുമായി അടുപ്പം സ്ഥാപിച്ച ശേഷം പണം തട്ടുകയായിരുന്നു.
മാട്രിമോണിയൽ സൈറ്റിൽ നിന്നും ടെലിഗ്രാമിലേക്കും ഫോൺ കോളുകളിലേക്കും ഇവരുടെ സൗഹൃദം വളർന്നിരുന്നു. ബെംഗളൂരുവിൽ ഒരു ക്ലിനിക് ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും വൈറ്റ്‌ഫീൽഡിലെ ആശുപത്രിയിൽ ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കേണ്ടതുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതിനായി ഉടൻ ഇന്ത്യയിലെത്തുമെന്നും ഇയാൾ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു.
നവംബർ 6 ന് അത്യാവശ്യമായി 25,000 രൂപ ആവശ്യമാണെന്നും ഇന്ത്യയിൽ എത്തിയാൽ തിരികെ നൽകാമെന്നും പറഞ്ഞാണ് പ്രതി ആദ്യം യുവതിയോട് പണം ആവശ്യപ്പെട്ടത്. നവംബർ 15 ന്, ദില്ലി വിമാനത്താവളത്തിലെത്തിയെന്ന് പറഞ്ഞ് വീണ്ടും ഇയാൾ പ്രിയക്ക് മെസേജ് അയച്ചു. വലിയ തുകയുടെ ഡിമാൻ്റ് ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കേണ്ടതുണ്ടെന്നും ഇതിന് പണം ആവശ്യമാണെന്നും ഇയാൾ പ്രിയയോട് പറഞ്ഞു.
വിമാനത്താവള ജീവനക്കാരിയാണെന്ന് അവകാശപ്പെട്ട് അനിത രാജൻ എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയിൽ നിന്നാണ് പിന്നീട് പ്രിയക്ക് കോൾ വന്നത്. ഡിമാൻഡ് ഡ്രാഫ്റ്റ് ഡിക്ലറേഷൻ ഫീസ്, രജിസ്ട്രേഷൻ ഫീസ്, ഇൻഷുറൻസ് ഫീസ് എന്നിവയ്ക്കായി പണം വേണമെന്നായിരുന്നു ആവശ്യം. ഇതെല്ലാം സത്യമാണെന്ന് വിശ്വസിച്ച പ്രിയ, ഐഎംപിഎസ്, ഫോൺ പേ ഐഡികൾ കൂടി കണ്ടതോടെ തട്ടിപ്പിൽ വീണു. പിന്നാലെ 6.43 ലക്ഷം രൂപ ഈ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം ഡോക്ടറുടെ ഭാഗത്ത് നിന്ന് യാതൊരു വിവരവും വന്നില്ല. ഇതോടെയാണ് താൻ പറ്റിക്കപ്പെട്ടെന്ന് പ്രിയ തിരിച്ചറിഞ്ഞത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam