
ബെംഗളൂരു: ബെംഗളൂരുവിൽ ടെക്കി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ഊര്‍ജിതമാക്കി കര്‍ണാടക പൊലീസ്. ജീവനൊടുക്കിയ അതുൽ സുഭാഷിന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും കർണാടക പൊലീസ് സമൻസ് അയച്ചു. പ്രതികൾക്ക് ബെംഗളൂരുവിലെ മാറത്തഹള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ മൂന്ന് ദിവസത്തെ സമയം നൽകി. അതുലിന്റെ സഹോദരൻ ബികാസ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബംഗളൂരു പൊലീസ് സംഘം ഉത്തര്‍പ്രദേശിലെ അതുൽ സുഭാഷിന്റെ ഭാര്യയുടെ നാടായ ഉത്തർപ്രദേശിലെ ജൗൻപൂരിൽ എത്തിയാണ് സമൻസ് കൈമാറിയത്. ഒരു വനിതാ ഉദ്യോഗസ്ഥ ഉൾപ്പടെയുള്ള നാലംഗ സംഘമാണ് ജൗൻപൂരിൽ എത്തിയത്.
ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ സിംഘാനിയ, സഹോദരൻ അനുരാഗ് സിംഘാനിയ, അമ്മാവൻ സുശീൽ സിംഘാനിയ എന്നിവർ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. "വസ്‌തുതകളും സാഹചര്യങ്ങളും പരിശോധിക്കുമ്പോൾ നിങ്ങളെ ചോദ്യം ചെയ്യാൻ മതിയായ കാരണങ്ങളുണ്ട്. മൂന്ന് ദിവസത്തിനകം ബെംഗളൂരുവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം" എന്ന് നോട്ടീസിൽ പറയുന്നു.
ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു 34 കാരനായ അതുൽ സുഭാഷ്. വർഷങ്ങളായി വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ മൂലമുള്ള മാനസിക സമ്മർദ്ദം ഇയാൾ ആത്മഹത്യാ കുറിപ്പിൽ വിശദമാക്കിയിരുന്നു. യുപി സ്വദേശിയായ അതുൽ സുഭാഷാണ്കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. 24 പേജുള്ള കത്തെഴുതി വച്ച ശേഷമായിരുന്നു യുവാവിന്‍റെ ആത്മഹത്യ. വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് മൂന്ന് കോടി രൂപ ഭാര്യയുടെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഭാര്യ പിതാവിന്റെ മരണത്തിന് കാരണം അതുലാണെന്ന് പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇത് പിന്നീട് വ്യാജ പരാതിയാണെന്ന് കണ്ടെത്തി.
മകന്റെ ചെലവിനായുള്ള കേസ് നടക്കുന്നതിനിടെ പണം തരാൻ കഴിയില്ലെങ്കിൽ ആത്മഹത്യ ചെയ്തുകൂടേയെന്ന് ഭാര്യ ചോദിച്ചതിന് ജഡ്ജ് ചിരിച്ചത് യുവാവിനെ ഏറെ വേദനിപ്പിച്ചിരുന്നതായാണ് ബന്ധുക്കൾ വിശദമാക്കുന്നത്. ബെംഗളൂരുവിലെ മഞ്ജുനാഥേ ലേ ഔട്ടിലെ വീടിനുള്ളിൽ തിങ്കളാഴ്ചയാണ് അതുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിന് മുൻപായി 80 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും യുവാവ് ചെയ്തിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
താനുണ്ടാക്കുന്ന പണം എതിരാളികളെ ശക്തരാക്കാൻ മാത്രമാണ് പ്രയോജനപ്പെടുന്നതെന്നും തന്റെ തന്നെ പണം ഉപയോഗിച്ച് ഭാര്യയും ബന്ധുക്കളും തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള ആരോപണം അതുൽ ഈ വീഡിയോയിൽ വിശദമാക്കിയിരുന്നു. ഭാര്യ നൽകിയ കേസ് അതുലിന് എതിരായ ദിശയിലായിരുന്നു ഉണ്ടായിരുന്നത്. 4 വയസുള്ള മകന്റെ ചെലവിനായി തുടക്കത്തിൽ 40000 രൂപ ആവശ്യപ്പെട്ട നികിത പിന്നീട് ഇത് ഇരട്ടി വേണമെന്നും പിന്നീട് ഒരു ലക്ഷം രൂപ മാസം വേണമെന്നും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഭാര്യയും കുടുംബവും അതുലിനെ പണത്തിന് വേണ്ടി മാത്രമാണ് ഉപയോഗിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അതേസമയം, അതുലിന്റെ മരണത്തിന് കാരണക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അതുലിന്റെ മരണത്തിന്റെ ഭാര്യയ്ക്കും ബന്ധുക്കൾക്കും ഉത്തർ പ്രദേശിലെ ജാനൂൻപൂരിലെ കുടുംബ കോടതി ജഡ്ജിനും എതിരെ രൂക്ഷമായ വിമർശനമാണ് അതുൽ മരണത്തിന് മുൻപായി ഉന്നയിച്ചിട്ടുള്ളത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam