
ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തിയതെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ മകൾക്കും സുഹൃത്തുക്കൾക്കുമെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരിയുടെ പരാതിയിലാണ് പൊലീസ് നടപടി. ബെംഗളൂരു സുബ്രഹ്മണ്യപുരക്കടുത്ത് ഉത്തരഹള്ളി സ്വദേശിയായ 34കാരി നേത്രാവതിയാണ് മരിച്ചത്. നേത്രാവതിയുടെ സഹോദരിയും കെടിഎം ലേഔട്ടിലെ താമസക്കാരിയുമായ കെ അനിതയാണ് പരാതിക്കാരി. സഹോദരിയുടെ മകൾ അടക്കം അഞ്ച് പ്രായപൂർത്തിയാകാത്തവർക്കെതിരെയാണ് ഇവർ കൊലപാതക കുറ്റം ആരോപിക്കുന്നത്.
കുറ്റാരോപിതർ 16ഉം 17ഉം വയസുള്ളവരാണ്. എല്ലാവരും സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെട്ടവരുമാണ്. വി നെസ്റ്റ് ലോൺ റിക്കവറി കമ്പനിയിലെ ജോലിക്കാരിയായിരുന്നു നേത്രാവതി. ഇവരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഒക്ടോബർ 27 ന് അനിത നേരിട്ട് സ്റ്റേഷനിലെത്തിയാണ് മരണ വിവരം അറിയിച്ചത്. രണ്ട് ദിവസത്തിന് ശേഷം നേത്രാവതിയുടെ മകളെ കാണാനില്ലെന്ന് പരാതിയുമായി ഇവർ വീണ്ടും സ്റ്റേഷനിലെത്തി.
തൊട്ടടുത്ത ദിവസം നേത്രാവതിയുടെ മകൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഒക്ടോബർ 25 ന് രാത്രി തൻ്റെ സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോൾ നേത്രാവതി ഇവരോട് പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതേ തുടർന്ന് സുഹൃത്തുക്കൾ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നുവെന്നും പെൺകുട്ടി മൊഴി നൽകി. മൃതദേഹം ആത്മഹത്യയെന്ന് തോന്നിപ്പിക്കും വിധത്തിൽ കെട്ടിത്തൂക്കിയത് സുഹൃത്തുക്കളാണെന്നും ഇവർ പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാൽ തന്നെയും കൊല്ലുമെന്ന് സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നത്.
എന്നാൽ അനിത ഈ മൊഴി വിശ്വസിച്ചില്ല. സഹോദരിയുടെ മരണത്തിൽ മകൾക്കും പങ്കുണ്ടെന്നും മൊഴി നുണയാണെന്നും ആരോപിച്ചാണ് ഇവർ പൊലീസിന് പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.