
കാൺപൂർ: ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുകയ്ക്കായി, കാമുകനൊപ്പം ജീവിക്കാൻ ലക്ഷ്യമിട്ട് അമ്മ മകനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൺപൂരിലെ അംഗദ്‌പൂരിലാണ് സംഭവം. പ്രദീപ് സിങ് എന്ന 25കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദീപിൻ്റെ അമ്മ മംമ്‌ത സിങ്, കാമുകൻ മായങ്ക് കത്യാർ, സഹോദരൻ ഋഷി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ പോയ മംമ്തയടക്കം മൂന്ന് പേരും പിടിയിലായി.
മംമ്തയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. പിന്നീടാണ് സ്ത്രീ മായങ്കുമായി അടുത്തത്. അമ്മയുടെ ഈ ബന്ധത്തിന് മകൻ എതിർപ്പുയർത്തിയിരുന്നു. മകൻ്റെ പേരിൽ നാല് ലൈഫ് ഇൻഷുറൻസ് പദ്ധതികളിലായി ആകെ ഒരു കോടി രൂപയുടെ പരിരക്ഷ മംമ്ത എടുത്തിരുന്നു. ശേഷം മകനെ അത്താഴം കഴിക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി.
ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. വീട്ടിൽ അത്താഴം കഴിച്ച് തൻ്റെ താമസസ്ഥലത്തേക്ക് മടങ്ങിയ യുവാവിനെ മായങ്ക് കത്യാർ, ഋഷി എന്നിവർ ചേർന്ന് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇത് അപകടമരണമെന്ന് വരുത്തി തീർക്കാനായി മൃതദേഹം ദേശീയപാതയ്ക്ക് സമീപം ഉപേക്ഷിച്ചു.
ആദ്യം പൊലീസും സംഭവം അപകടമരണമെന്നാണ് കരുതിയത്. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയിൽ പ്രദീപിൻ്റെ തലയ്ക്ക് പുറകിൽ ഒന്നിലേറെ തവണ അടിയേറ്റതിൻ്റെ പരിക്കുകൾ കണ്ടെത്തി. ഇതോടെയാണ് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞത്.
പിന്നീട് നടത്തിയ അന്വേഷണത്തിൽ മംമ്തയും മായങ്കുമായുള്ള ബന്ധവും പ്രദീപ് ഇതിനെ എതിർത്തതും പൊലീസിന് ബോധ്യമായി. പ്രദീപിൻ്റെ പേരിൽ ഇൻഷുറൻസ് എടുത്ത കാര്യവും പൊലീസ് അറിഞ്ഞു. മൊബൈൽ ലൊക്കേഷൻ പ്രകാരം സംഭവം നടക്കുമ്പോൾ മായങ്കും മംമ്തയും ഒരേ സ്ഥലത്താണെന്ന് പൊലീസ് കണ്ടെത്തി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മംമ്തയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇൻഷുറൻസ് തുക തട്ടിയെടുക്കാനായിരുന്നുവെന്നും മായങ്ക് മൊഴി നൽകി. ഋഷിയെ പൊലീസ് ഏറ്റുമുട്ടലിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഇയാൾക്ക് പൊലീസിൻ്റെ വെടിയേറ്റ് പരിക്കുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക, നാടൻ തോക്ക്, മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ എന്നിവ പൊലീസ് കണ്ടെത്തി.
കേസിലെ പ്രധാന പ്രതിയായ മംമ്തയെയെയും ഒളിയിടത്തിൽ നിന്ന് പൊലീസ് പിടികൂടി. പണത്തിന് വേണ്ടി മംമ്ത ഇത്ര വലിയ ക്രൂരത ചെയ്യുമെന്ന് കരുതിയില്ലെന്ന് പ്രദീപിൻ്ഫെ മുത്തച്ഛൻ ജഗദീഷ് നാരായണൻ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam