മദ്യപിച്ച് ലക്കുകെട്ട് വിമാനത്തിൽ നിന്നും പുറത്താക്കി? ഭഗവന്ത് മാനിനെതിരെ കടുത്ത ആരോപണം

By Web TeamFirst Published Sep 19, 2022, 10:59 PM IST
Highlights

ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള ലുഫ്താൻസ വിമാനത്തിൽ നിന്ന് ഭഗവന്ത് മാനെ മാറ്റിയത് മദ്യലഹരിയിലാണെന്ന റിപ്പോർട്ടുകൾ വലിയ കോളിളക്കമാണ് പഞ്ചാബിൽ സൃഷ്ടിച്ചിരിക്കുന്നത്.

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിവാദത്തിൽ. മദ്യപിച്ച് ലക്കുകെട്ട മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്ന് പുറത്താക്കിയതായാണ് റിപ്പോർട്ടുകൾ. അമിത മദ്യപാനം മൂലം വിദേശത്ത് നിന്നുള്ള ഭഗവന്ത് മാൻ്റെ മടക്കം വൈകിയെന്നും വാർത്തയുണ്ടായിരുന്നു. ഭഗവന്ത് മാനെതിരെ നടക്കുന്നത് കുപ്രചാരണമെന്ന് വിശദീകരിച്ച ആം ആംദ്മി പാർട്ടി ആക്ഷേപങ്ങൾ തള്ളി. വിമാനക്കമ്പനിയായ ലുഫ്താൻസയും വാർത്തകൾ നിഷേധിച്ചിട്ടുണ്ട്. 

ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള ലുഫ്താൻസ വിമാനത്തിൽ നിന്ന് ഭഗവന്ത് മാനെ മാറ്റിയത് മദ്യലഹരിയിലാണെന്ന റിപ്പോർട്ടുകൾ വലിയ കോളിളക്കമാണ് പഞ്ചാബിൽ സൃഷ്ടിച്ചിരിക്കുന്നത്.  ലോകമെമ്പാടുമുള്ള പഞ്ചാബികളെ മുഖ്യമന്ത്രി നാണംകെടുത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ വൻ പ്രതിഷേധവുമായി രംഗത്ത് എത്തി. 

പ്രാദേശിക സമയം 1.40-നുള്ള ലുഫ്താൻസ എയര്‍ലൈൻസിൻ്റെ വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിൽ നിന്നും പുറപ്പെടേണ്ടതായിരുന്നു. എന്നാൽ മൂന്ന് മണിക്കൂറിലേറെ വൈകി 4.30-നാണ് വിമാനം പറന്നുയര്‍ന്നത്. 

ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് മന്നിൻ്റെ യാത്ര വൈകിയതെന്നാണ് അദ്ദേഹത്തിൻ്റെ ഓഫീസ് വിശദീകരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം കുപ്രചരണം നടത്തുകയാണെന്ന് ആം ആദ്മി പാര്‍ട്ടി തിരിച്ചടിച്ചു. 

അതേസമയം പഞ്ചാബ് മുഖ്യമന്ത്രിയെ ലുഫ്താൻസ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടത് മദ്യപിച്ച് നടക്കാനാവാത്ത കോലത്തിലായതോടെയാണെന്ന് സഹയാത്രികരെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

click me!