ഭാരത് ബന്ദിന് സമ്മിശ്രപ്രതികരണം, റോഡ്-റെയിൽ ഗതാഗതത്തെ ബാധിച്ചു, ബിജെപിക്ക് തിരിച്ചടി നല്‍കുമെന്ന് ടികായത്ത്

By Web TeamFirst Published Sep 27, 2021, 5:37 PM IST
Highlights

പഞ്ചാബ്, ഹരിയാന, യുപി, ഒഡീഷ, ബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും കർഷകർ ദേശീയ പാതകൾ ഉപരോധിച്ചു. പഞ്ചാബിൽ 230 ഇടങ്ങളിലാണ് ഉപരോധം നടന്നത്. 

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ (farmers protest) ഭാരത് ബന്ദിനോട് (Bharat Bandh) ഉത്തരേന്ത്യയിൽ സമ്മിശ്രപ്രതികരണം. ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കർഷകരുടെ ഉപരോധം റോഡ് - റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. രാവിലെ ആറ് മണിയോടെ കർഷകർ വിവിധ സംസ്ഥാനങ്ങളിൽ ഉപരോധം തുടങ്ങി. ദില്ലി-മീററ്റ് ദേശീയപാത , കെഎംപി എക്സ്പ്രസ് ഹൈവേ എന്നിവിടങ്ങളിൽ കർഷകരുടെ റോഡ് ഉപരോധം പൂർണ്ണമായിരുന്നു. ഇതോടെ ദില്ലി നഗരത്തിലേക്കുള്ള ഗതാഗത കുരുക്ക് രൂക്ഷമായി.

പഞ്ചാബ്, ഹരിയാന, യുപി, ഒഡീഷ, ബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും കർഷകർ ദേശീയ പാതകൾ ഉപരോധിച്ചു. പഞ്ചാബിൽ 230 ഇടങ്ങളിലാണ് ഉപരോധം നടന്നത്. ദില്ലി, സോനിപത്ത്, ഹിസാർ, അമൃത്സര്‍, ഫിറോസ്പൂർ  എന്നിവിടങ്ങളിൽ ട്രെയിനുകൾ തടഞ്ഞതോടെ റെയിൽവെ സർവീസ് സ്തംഭിച്ചു.  25 ട്രെയിനുകൾ റദ്ദാക്കി. നിബന്ധനകളില്ലാതെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചാൽ തയ്യാറെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കർഷക വിരുദ്ധ നയം തുടരുന്ന ബിജെപിക്ക് യുപി തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നൽകുമെന്നും രാകേഷ് ടിക്കായത്ത് പ്രതികരിച്ചു.

പ്രതിപക്ഷ പാർട്ടികളും നൂറിലധികം സംഘടനകളും കർഷകർക്ക് പിന്തുണയുമായെത്തി. ദില്ലി ജന്ദർ മന്ദിറിൽ ഇടത് തൊഴിലാളി സംഘടനകൾ മാർച്ച് നടത്തി. പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മായാവതി എന്നിവരും കർഷകർക്ക് ഐക്യദാർഡ്യവുമായി രംഗത്തെത്തി. കർഷകർ പ്രതിഷേധം വിട്ട് ചർച്ചയ്ക്ക് വരണമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ആവശ്യപ്പെട്ടു.

തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ഇടത് സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ചെന്നൈ മൗണ്ട് റോഡ് ഉപരോധിച്ച സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാരുൾപ്പെടെ അഞ്ഞൂറോളം ഇടത് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കുംഭകോണത്ത് ട്രെയിൻ തടഞ്ഞ അൻപത് സിപിഎം പ്രവർത്തകർ അറസ്റ്റിലായി. ഇടത് സംഘടനകളുടെ  ഒറ്റപ്പെട്ട പ്രതിഷേധം ഒഴിച്ചാൽ തമിഴ്നാട്ടിൽ ബന്ദിന്  തണുത്ത പ്രതികരണമായിരന്നു. വാഹനങ്ങൾ എല്ലാം ഓടി. സർക്കാർ ഓഫീസുകൾ അടക്കം പ്രവർത്തിച്ചു. കർണാടകയിൽ വിവിധയിടങ്ങളിൽ കർഷകർ പ്രതിഷേധിച്ചു. ഹസ്സന്‍, ബെല്ലാരി അടക്കം വിവിധയിടങ്ങളില്‍  പ്രതിഷേധ മാര്‍ച്ച് നടന്നു. ഉ‍ഡുപ്പിയില്‍ തുറന്ന കടകള്‍ പ്രതിഷേധക്കാര്‍ അടപ്പിച്ചു. ബംഗളൂരുവില്‍ പൊതുവാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി.

Read Also : ഭാരത് ബന്ദിന് സമ്മിശ്ര പ്രതികരണം: ദേശീയ പാതകൾ ഉപരോധിച്ച് സമരക്കാർ, നിരവധി ട്രെയിനുകൾ റദ്ദാക്കി


 

click me!