Asianet News MalayalamAsianet News Malayalam

ഭാരത് ബന്ദിന് സമ്മിശ്ര പ്രതികരണം: ദേശീയ പാതകൾ ഉപരോധിച്ച് സമരക്കാർ, നിരവധി ട്രെയിനുകൾ റദ്ദാക്കി

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പത്ത് വർഷം എടുത്താൽ അത്രയും കാലം സമരം തുടരുമെന്ന് രാകേഷ് ടിക്കായ്ത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

mixed response for bharat bandh
Author
Delhi, First Published Sep 27, 2021, 12:17 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായ കർഷക സംഘടനകൾ (farmers) ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോട് (Bharat bhandh) ദേശീയ തലത്തിൽ സമ്മിശ്ര പ്രതികരണം. രാജ്യവ്യാപകമായി കർഷകരും ട്രേഡ് യൂണിയനുകളും ഇടത് സംഘടനകളും ഇന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങി. കേരളത്തിൽ ഭാരത് ബന്ദ് ഹർത്താലായി പരിണമിച്ചപ്പോൾ, കർഷകരുടെ ദേശീയ പാത ഉപരോധത്തെ തുടർന്ന് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.

പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ അനവധി ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. പ്രതിഷേധത്തിൽ നിന്ന് കർഷകർ പിൻമാറണമെന്ന് കേന്ദ്ര കൃഷി മന്ത്രി കർഷകരോട് അഭ്യർത്ഥിച്ചു.സമരം നടത്തി സംഘർഷമുണ്ടാക്കരുതെന്നും ചർച്ചയുടെ വഴിയിലേക്ക് കർഷകർ എത്തണമെന്നും നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പത്ത് വർഷം എടുത്താൽ അത്രയും കാലം സമരം തുടരുമെന്ന് രാകേഷ് ടിക്കായത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ദില്ലി-ഗുരുഗ്രാം അതിർത്തിയിൽ കർഷക സംഘടനകളുടെ ദേശീയ പാതാ ഉപരോധത്തെ തുടർന്ന് കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായി.  ദില്ലിക്ക് ചുറ്റുമുള്ള കെ എം പി എക്സ്പ്രസ് ഹൈവേയിലെ എല്ലാ ടോളുകളും കർഷക സംഘടനകൾ ഉപരോധിച്ചു. ഹരിയാനയിലെ ബഹാദൂർഗഡിൽ കർഷകർ ട്രെയിൻ തടഞ്ഞു. അമൃത്സറിലും റെയിൽവേ ട്രാക്കിലിരുന്ന് കർഷകരുടെ പ്രതിഷേധമുണ്ടായി. 

ഭാരത് ബന്ദ് കണക്കിലെടുത്ത് അധിക ജാഗ്രത വേണമെന്ന് യുപിയിൽ  ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് എഡിജിപി ന‍ിർദേശം നൽകി. നിർദേശത്തിന് പിന്നാലെ യുപി അതിർത്തികളിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഭാരത് ബന്ദിനും കർഷകരുടെ സമരത്തിനും പിന്തുണ പ്രഖ്യാപിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും രം​ഗത്ത് എത്തി. കർഷകരുടെ അഹിംസ സമരം അചഞ്ചലമായി തുടരുകയാണെന്നും എന്നാൽ ചൂഷകരായ സർക്കാരിന് സമരം തീർക്കാൻ താൽപ്പര്യമില്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. കർഷക സമരത്തിന് ഐക്യദാർഡ്യം പ്രകടപ്പിച്ച് ആർജെഡിയും ഇന്ന് സജീവമായി രം​ഗത്തിറങ്ങി. മുകേഷ് റോഷന്റെ നേതൃത്വത്തിലുള്ള ആർജെഡി പ്രവർത്തകർ ബിഹാറിലെ ഹാജിപൂരിൽ  സമരം നടത്തി.

ക‍ർഷകർ ട്രെയിനുകൾ ഉപരോധിച്ചതിനെ തുട‍ർന്ന് പഞ്ചാബിൽ 18 ട്രെയിനുകളുടെ സ‍ർവ്വീസ് ഇന്ന് റദ്ദാക്കി. പഞ്ചാബിലെ അമൃത്സറിൽ പാസ്പോർട്ട് ഓഫീസ് കർഷകർ ഉപരോധിച്ചു. ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടും ഓഫീസ് പ്രവ‍ർത്തിച്ചതിനെതിരെയായിരുന്നു ക‍ർഷകരുടെ ഉപരോധസമരം. ഹരിയാനയിലെ സോനിപത്തിൽ ക‍ർഷകർ ട്രെയിൻ തടഞ്ഞു. ഒഡീഷയിലും ഭാരത് ബന്ദിൻ്റെ ഭാഗമായി റോഡ്‌ ഉപരോധമുണ്ടായി.

ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിട്ടും തമിഴ്നാട്ടിൽ ഭാരത് ബന്ദിനോട് തണുത്ത പ്രതികരണമായിരുന്നു. സർക്കാർ ബസുകളും ഓട്ടോ ടാക്സി വാഹനങ്ങളുൾപ്പെടെ എല്ലാം പതിവുപോലെ സ‍ർവ്വീസ് നടത്തി. പുതുച്ചേരിയിലും ബന്ദ് ഭാഗികമായിരുന്നു. കുംഭകോണത്ത് ട്രെയിൻ തടഞ്ഞ അൻപതോളം ഇടത് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ബന്ദിൻ്റെ ഭാഗമായി വിവിധയിടങ്ങളിൽ ഇടത് പാ‍ർട്ടികൾ റോഡ് ഉപരോധിച്ചു.  ചെന്നൈ ന​ഗരത്തിലെ മൗണ്ട് റോഡ് സിപിഎം,സിപിഐ സംസ്ഥാന സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഉപരോധിച്ചു നേതാക്കളേയും പ്രവ‍ർത്തകരേയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. അഞ്ഞൂറോളം പ്രവർത്തകരെ റോഡ് ഉപരോധത്തിന് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കർണാടകയിൽ ശക്തമായ പ്രതിഷേധമാണ് ഭാരത് ബന്ദിലുണ്ടായത്. ബെം​ഗളൂരു ന​ഗരത്തിലടക്കം ക‍ർഷകസംഘടനകളുടെ പ്രതിഷേധമുണ്ടായി. മജസ്റ്റിക്കിൽ റോഡ് ഉപരോധിച്ച കർഷകരെ അറസ്റ്റ് ചെയ്ത് മാറ്റി.ബെല്ലാരിയിലും ഹസ്സനിലുമടക്കം ​ഗ്രാമീണ മേഖലകളിലും പ്രതിഷേധം ശക്തമായിരുന്നു. പലയിടത്തും കർഷകസംഘടനകളുടെ പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു. ബെല്ലാരിയിൽ തുറന്ന കടകൾ അടപ്പിച്ചു. ചിക്കമം​ഗളൂരിൽ പൂക്കൾ റോഡിൽ വിതറിയും കഴുതകളെ ഇറക്കിയും കർഷകരുടെ പ്രതിഷേധമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മുദ്രാവാക്യങ്ങളോടെയായിരുന്നു കർഷകരുടെ പ്രതിഷേധം.

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പത്ത് വർഷം എടുത്താൽ അത്രയും കാലം സമരം തുടരുമെന്ന് രാകേഷ് ടിക്കായ്ത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വാതന്ത്രസമരം നൂറ് വ‍ർഷം നടത്തിയാണ് ഫലം കണ്ടത്. അതു പോലെയാണ് കർഷകസമരവും. സമരം തീർക്കാൻ ചർച്ചകൾക്ക് ഞങ്ങൾ എപ്പോഴും തയ്യാറാണ്. സർക്കാർ നിബന്ധനകളില്ലാതെ ചർച്ചയ്ക്ക് വിളിക്കണമെന്നതാണ് ഞങ്ങളുടെ പ്രധാന ആവശ്യം. ഭാരത് ബന്ദ് കൊണ്ട് ഒരു ദിവസത്തെ ബുദ്ധിമുട്ട് മാത്രമാണ് പൊതുജനത്തിനുണ്ടാവുക. എന്നാൽ ഇന്ധന വില വർധിപ്പിച്ച് കേന്ദ്രം എന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലയാണ്. കർഷകസമരത്തിൻ്റെ ഭാ​ഗമായുള്ള വാരാണാസി മഹാ പഞ്ചായത്ത് തീയ്യതി ഉടൻ പ്രഖ്യാപിക്കുമെന്നും സമരത്തിൻ്റെ ഭാവി സർക്കാരിൻ്റെ തീരുമാനം പോലെയാകുമെന്നും രാകേഷ് ടിക്കായ്ത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുപി തെരഞ്ഞെടുപ്പിൽ കർഷകദ്രോഹ നയത്തിന് ബിജെപിക്ക് മറുപടി കിട്ടുമെന്ന് പറഞ്ഞ ടിക്കായ്ത്ത് ക‍ർഷകസമരത്തിന് കേരളത്തിൽ നിന്നും കിട്ടുന്ന പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി. 

സംയുക്ത കർഷക സംഘടനകളുടെ  ഭാരത് ബന്ദിന് കേരളത്തിൽ ട്രേഡ് യൂണിയനുകളും എൽഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചതോടെ ഇന്നത്തെ ദിവസം ഫലത്തിൽ ഹർത്താലായി മാറി.  കെഎസ്ആർടിസി - സ്വകാര്യ ബസുകളൊന്നും സർവ്വീസ് നടത്തില്ല. സർവ്വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. ഓട്ടോ-ടാക്സികളും സർവ്വീസ് നടത്തിയില്ല. സ്വകാര്യവാഹനങ്ങൾ തടയില്ലെന്ന് സമരാനുകൂലികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പാൽ പത്രം തുടങ്ങി അവശ്യസേവനങ്ങൾ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. 

ഹോട്ടലുകൾ ഭൂരിപക്ഷവും അടഞ്ഞു കിടന്നെങ്കിലും തിരുവനന്തപുരം ന​ഗരത്തിലടക്കം ഓൺലൈൻ ഭക്ഷണവിതരണത്തിന് തടസ്സമുണ്ടായില്ല. വിവിധ ജില്ലാ ആസ്ഥാനങ്ങളിലും കേന്ദ്രസ‍ർക്കാർ ഓഫീസുകൾക്ക് മുന്നിലേക്കും സമരത്തെ പിന്തുണയ്ക്കുന്ന ട്രേഡ് യൂണിയനുകളും രാഷ്ട്രീയ പാ‍ർട്ടികളും മാ‍ർച്ച് നടത്തി. അതേസമയം  ഭാരത് ബന്ദ് അനാവശ്യമെന്നായിരുന്നു  ബിജെപി നിലപാട്. വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്.  

Follow Us:
Download App:
  • android
  • ios