
ദില്ലി: പരീക്ഷണം നല്ല രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ അടുത്ത വർഷം ജൂണിൽ കൊവിഡ് പ്രതിരോധ വാക്സിൻ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഭാരത് ബയോടെക്ക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന്റെ മൂന്നാംഘട്ടം പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ ഇന്നലെയാണ് അനുമതി നൽകിയത്. ഭാരത് ബയോടെക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ( ഐസിഎംആർ) സഹകരിച്ചാണ് കൊവാക്സിൻ വികസിപ്പിക്കുന്നത്. 30 സെന്ററുകളിലായി 26000 പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തുക.
തെലങ്കാന, ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട്, ബിഹാർ തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങളിലായി പരീക്ഷണം നടത്താനാണ് ഭാരത് ബയോടെക്കിന്റെ പദ്ധതി. കഴിഞ്ഞ രണ്ടുമാസമായി പരീക്ഷണശാലകൾ ഒരുക്കുന്ന തിരക്കിലായിരുന്നു കമ്പനി. പതിനാലോളം സംസ്ഥാനങ്ങളിൽ പരീക്ഷണശാലകൾ ഉണ്ടാകും. ഇതിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ടെന്നും ഭാരത് ബയോടെക്ക് അറിയിച്ചു.
10 സംസ്ഥാനങ്ങളിലായി ദില്ലി, മുംബൈ, പട്‌ന, ലഖ്‌നൗ ഉൾപ്പെടെ 19 ഇടങ്ങളിൽ പരിശോധനകൾ നടത്തിയതിന്റെ പഠന റിപ്പോർട്ട് ഉൾപ്പെടെയാണ് ഭാരത് ബയോടെക് മൂന്നാം ഘട്ട പരീക്ഷണത്തിന് അപേക്ഷ നൽകിയത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഭാരത് ബയോടെക്കുമായി വാക്സിൻ നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് ഭാരത് ബയോടെക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam