കൊവാക്‌സിന്‍ ഫെബ്രുവരിയോടെ തയ്യാറാകുമെന്ന് ശാസ്ത്രജ്ഞന്‍

By Web TeamFirst Published Nov 5, 2020, 4:44 PM IST
Highlights

സ്വകാര്യസ്ഥാപനമായ ഭാരത് ബയോടെക് ഐസിഎംആറുമായി സഹകരിച്ചാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.
 

ദില്ലി: കൊവിഡിനെതിരെ ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കൊവാക്‌സിന്‍ ഫെബ്രുവരിയോടെ തയ്യാറാകുമെന്ന് ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍. മാര്‍ച്ചില്‍ വാക്‌സിന്‍ തയ്യാറാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മൂന്നാംഘട്ട പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്നും ഇതുവരെയുള്ള പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും സീനിയര്‍ ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍ രജനീകാന്ത് വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സ്വകാര്യസ്ഥാപനമായ ഭാരത് ബയോടെക് ഐസിഎംആറുമായി സഹകരിച്ചാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. 2021ന്റെ രണ്ടാം പാദത്തില്‍ വാക്‌സിന്‍ ലഭ്യമാകുമെന്നായിരുന്നു ഐസിഎംആര്‍ പ്രതീക്ഷിച്ചിരുന്നത്. വാക്‌സിന്‍ നല്ല ഫലമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെ അംഗമാണ് രജനികാന്ത്. അതേസമയം ഭാരത് ബയോടെക് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഫെബ്രുവരിയില്‍ കൊവാക്‌സിന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായാല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കാമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. ആദ്യ രണ്ട് ഘട്ടങ്ങളില്‍ വാക്‌സിന്‍ പരീക്ഷണം പൂര്‍ണവിജയമായിരുന്നെന്നും എന്നാല്‍ മൂന്നാം ഘട്ടം പൂര്‍ത്തിയാകാതെ പൂര്‍ണമായി വിജയിച്ചെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
 

click me!