Covid Vaccination : 'കൊവാക്സിൻ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണം'; മുന്നറിയിപ്പുമായി ഭാരത് ബയോടെക്

Web Desk   | Asianet News
Published : Jan 18, 2022, 09:47 PM IST
Covid Vaccination : 'കൊവാക്സിൻ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണം'; മുന്നറിയിപ്പുമായി ഭാരത് ബയോടെക്

Synopsis

 മറ്റ് വാക്സിനുകൾ കുത്തി വെക്കുന്നതായി റിപ്പോർട്ട് വന്നതിന് പിന്നാലെ ആണ് മുന്നറിയിപ്പ്. മൂന്നര കോടിയിലധികം കൗമാരക്കാരാണ് ഇതുവരെ ആദ്യ ഡോസ് കുത്തിവെപ്പെടുത്തത്.  

ദില്ലി: 15 നും 17 നും ഇടയിൽ പ്രായം ഉള്ളവർക്ക് കൊവാക്സിൻ (Covaxin)  തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണം എന്ന് ഭാരത് ബയോടെക് (Bharat Biotech)  മുന്നറിയിപ്പ് നൽകി. മറ്റ് വാക്സിനുകൾ കുത്തി വെക്കുന്നതായി റിപ്പോർട്ട് വന്നതിന് പിന്നാലെ ആണ് മുന്നറിയിപ്പ്. മൂന്നര കോടിയിലധികം കൗമാരക്കാരാണ് ഇതുവരെ ആദ്യ ഡോസ് കുത്തിവെപ്പെടുത്തത്.

നിലവിൽ രണ്ട് ലക്ഷത്തിൽ അധികമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ. എന്നാൽ രണ്ടാം തരംഗത്തിലെ അത്ര രൂക്ഷമായ സാഹചര്യം ഇതുവരെയില്ല. കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ഇതിനു മുമ്പ് പ്രതിദിന കേസുകൾ രണ്ട് ലക്ഷം പിന്നിട്ടത്. 

രണ്ട് തരംഗങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തിയ തയ്യാറെടുപ്പുകൾ ഇത്തവണ ഫലം കണ്ടു എന്നു വിലയിരുത്താം. രോഗവ്യാപനത്തിൻറെ തുടക്കത്തിൽ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ പലയിടങ്ങളിലും കേസുകൾ പിടിച്ചുകെട്ടാൻ സാധിച്ചു. ഇരുപത് ശതമാനത്തിന് അടുത്തെത്തിയ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് പതിനാല് ശതമാനത്തിലെത്തി. രണ്ടാം തരംഗത്തിൽ പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷമായപ്പോൾ മരണം ആയിരം കടന്നിരുന്നു. നിലവിൽ കേസുകൾ രണ്ട് ലക്ഷം പിന്നിട്ടെങ്കിലും മരണം നാനൂറിനും താഴെയാണ്. ഇപ്പോഴത്തെ തരംഗത്തിന് കാരണമാക്കിയ ഒമിക്രോൺ വകഭേദം ഡെൽറ്റയുടെ അത്ര അപകടകാരിയല്ലാത്തതും മരണം കുറയാനുള്ള ഒരു കാരണമാണ്.

ഓക്സിജനും ആശുപത്രി സൗകര്യങ്ങളും ആവശ്യത്തിന് ഒരുക്കാൻ കഴിഞ്ഞതും ആശ്വാസമായി. ഐസിയു കിടക്കകളും, താത്കാലിക കൊവിഡ് ആശുപത്രികളും സജ്ജീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു.1750 മെട്രിക് ടൺ ഓക്സിജൻ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1222 പിഎസ്എ പ്ലാൻറുകൾ കേന്ദ്രം ഒരുക്കി നൽകി. ഇതിന് പുറമെ സംസ്ഥാന സർക്കാരുകളും പ്ലാൻറുകൾ സ്ഥാപിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കുറയുമ്പോഴും ദില്ലിയടക്കം പല സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് തന്നെ തുടരുന്നതാണ് നിലവിൽ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി. പരിശോധനയിൽ വിമുഖത കാണിക്കുന്നതാണ് പലയിടങ്ങളിലും രോഗികൾ കുറയാൻ കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിൽ പരിശോധന കൂട്ടാനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. പരിശോധന കൂട്ടാൻ വീട്ടിൽ പരിശോധിക്കാവുന്ന തരം കിറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ആണ് സർക്കാർ ശ്രമം. വീട്ടിൽ പരിശോധിക്കുന്നവർ ഈ വിവരം ഐസിഎംആറിൽ രേഖപ്പെടുത്തണമെന്ന് നിർദേശമുണ്ടെങ്കിലും ഇത് പൂർണമായി നടപ്പിലാകാത്തതും കൊവിഡ് കണക്ക് കുറയാനിടയാക്കുന്നു.

ആരോഗ്യ പ്രവർത്തകരെ വ്യാപകമായി കൊവിഡ് ബാധിക്കുന്നതാണ് മറ്റൊരു വെല്ലുവിളി. തലസ്ഥാനത്ത് മാത്രം നൂറ് കണക്കിന് ആശുപത്രി ജീവനക്കാർക്ക് ഇതിനോടകം രോഗം ബാധിച്ചു. സമ്പർക്ക പട്ടികയിലുള്ളവർക്ക് ലക്ഷണങ്ങളില്ലെങ്കിൽ ക്വാറൻറീൻ വേണ്ടെന്ന് തീരുമാനിച്ചാണ് പല ആശുപത്രികളും മുന്നോട്ട് പോകുന്നത്. പ്രാദേശികമായി നിയന്ത്രണങ്ങൾ നടപ്പിലാക്കിയാണ് നിലവിൽ രാജ്യത്ത് രോഗവ്യാപനം തടയുന്നത്. കേസുകൾ കൂടിയ പ്രദേശങ്ങൾ അടച്ചിടുന്നതാണ് രീതി. സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നുവെന്ന് കണ്ടാൽ അവശ്യ സർവ്വീസുകൾക്കൊഴികെ നിയന്ത്രണം ഏർപ്പെടുത്തും. മിക്ക സംസ്ഥാനങ്ങളിലും രാത്രി കാല കർഫ്യൂ നിലവിലുണ്ട്. ബംഗാൾ, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ പൊതു ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി. ഉത്തർപ്രദേശിൽ ഇത് ഇരുന്നൂറാണ്. രണ്ടാം തരംഗം ഏറ്റവും ഗുരുതരമായി ബാധിച്ച ദില്ലിയിൽ ഇത്തവണ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. സ്വകാര്യ ഓഫീസുകളിൽ പൂർണ്ണമായും വർക്ക് ഫ്രം ഹോമിലേക്ക് മാറി. വാരാന്ത്യങ്ങളിൽ സമ്പൂർണ്ണ ലോക്ഡൌണും നടപ്പിലാക്കി പോരുന്നു.

പ്രതിദിന വർധനയിൽ കുറവുണ്ടായെങ്കിലും മൂന്നാം തരംഗത്തിൻറെ തീവ്രതയെ കുറിച്ച് ഇപ്പോഴൊന്നും പ്രവചിക്കാൻ കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വാക്സിനേഷനിലാണ് ആരോഗ്യ വിദഗ്ധരും സർക്കാരും ഒരു പോലെ പ്രതീക്ഷ അർപ്പിക്കുന്നത്. ഇതുവരെ 158 കോടിയിലധികം ഡോസ് വാക്സീൻ രാജ്യത്ത് വിതരണം ചെയ്തു. 90 ശതമാനം പേരും ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചു. 60 ശതമാനത്തിലധികം പേർ രണ്ടാമത്തെ ഡോസ് വാക്സീനും. കരുതൽ ഡോസിന് അർഹരായ അമ്പത് ലക്ഷം പേർ മൂന്നാമത്തെ ഡോസും സ്വീകരിച്ചു. .  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും