
മുംബൈ: ദയാഹർജിയിൽ തീരുമാനം എടുക്കുന്നതിൽ കാലതാമസം വരുത്തിയതിന് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കിക്കുറച്ച് ബോംബെ ഹൈക്കോടതി. കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്ത കേസിൽ പ്രതികളായ രേണുക, സീമാ എന്നിവർക്കാണ് കോടതി ശിക്ഷ ഇളവ് നൽകിയത്. അകാരണമായ കാലതാമസം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
13 കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും അതിൽ 9 പേരെ കൊല്ലുകയും ചെയ്ത കേസിൽ 1996-ലാണ് അർധ സഹോദരിമാരായ രേണുകയും സീമയും പൊലീസ് പിടിയിലാകുന്നത്. കുഞ്ഞുങ്ങളെക്കൊണ്ട് പോക്കറ്റടി നടത്തുകയും എതിർക്കുന്നവരെ കൊല്ലുകയുമായിരുന്നു രീതി. വിവരിക്കാനാവാത്ത വിധം അതിക്രൂരമായായിരുന്നു ഓരോ കൊലപാതകവും. സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചതോടെ സുപ്രീംകോടതി വരെ പോയി. 2006ൽ പരമോന്നത കോടതിയും വധശിക്ഷ ശരിവച്ചു.
ഇതോടെയാണ് പ്രതികൾ രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്. എട്ട് വർഷമായിട്ടും തീരുമാനമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ഇതേ വർഷം അതായത് 2014-ൽ തന്നെയാണ് ദയാഹർജിയിൽ തീരുമാനം എടുക്കുന്നതിൽ കാലതാമസം വരുത്തിയത് ചൂണ്ടിക്കാട്ടി രാജീവ്ഗാന്ധി വധക്കേസിൽ പ്രതികൾക്ക് ശിക്ഷാ ഇളവ് കിട്ടിയത്.
ദയാഹർജിയിലെ അകാരണമായ കാലതാമസം ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികളുടെ ക്രൂരതയ്ക്ക് ഇരയായവരോട് ചെയ്യുന്ന അനീതി കൂടിയാണിത്. സാങ്കേതിക വിദ്യയുടെ മുന്നേറ്റം കാരണം ആശയവിനിമയം ഇത്രയും വേഗത്തിൽ നടക്കുന്ന കാലത്ത് ദയാഹർജിയിൽ തീരുമാനം അനന്തമായി വൈകിയത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.സുപ്രീംകോടതി വിധികളും ഇക്കാര്യത്തിൽ മുന്നിലുണ്ട്. അതേസമയം 25വർഷമായി ജയിലിലാണെന്നും വിട്ടയക്കണമെന്നുമുള്ള പ്രതികളുടെ ആവശ്യം കോടതി തള്ളി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam