സഹപ്രവര്‍ത്തകര്‍ അപമാനിച്ചു; ഭാരത് ഹെവി ഇലക്ട്രിക്കല്‍സിലെ ജീവനക്കാരി ജീവനൊടുക്കി

By Web TeamFirst Published Oct 18, 2019, 2:20 PM IST
Highlights

ആത്മഹത്യാ കുറിപ്പില്‍ തന്‍റെ സഹപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥനുമാണ് ആത്മഹത്യക്ക് കാരണമെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. 

ഹൈദരാബാദ്: ഉന്നത ഉദ്യോഗസ്ഥരുടെ ഉപദ്രവം സഹിക്കാനാവാതെ  ഭാരത് ഹെവി ഇലക്ട്രിക്കല്‍സിലെ ജീവനക്കാരി ആത്മഹത്യ ചെയ്തു. 33 കാരിയായ യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. സഹപ്രവര്‍ത്തകരും ഉയര്‍ന്ന ഉദ്യോഗസ്ഥനുമാണ് അവരുടെ ആത്മഹത്യക്ക് കാരണമെന്ന് പരാതിയില്‍ പറയുന്നു. 

രാവിലെ 10.30 ഓടെയാണ് വീട്ടിലെ മുറിക്കുള്ളില്‍ യുവതി തൂങ്ങി മരിച്ചത്. ഭര്‍ത്താവും ബന്ധുക്കളും വാതില്‍ തകര്‍ത്ത് മുറിക്കുള്ളില്‍ എത്തിയപ്പോള്‍ സീലിംഗില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയതെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ വെങ്കടേഷ് ഷമല പറഞ്ഞു. 

ആത്മഹത്യാ കുറിപ്പില്‍ തന്‍റെ സഹപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥനുമാണ് ആത്മഹത്യക്ക് കാരണമെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. ഡെപ്യൂട്ടി ജനറല്‍ മാനേജരും മറ്റ് ആറ് സഹപ്രവര്‍ത്തകരും തന്നെ മാനസികമായി ഉപദ്രവിക്കുന്നുവെന്ന് അവര്‍ വ്യക്തമാക്കുന്നു. 

മൊബൈല്‍ ഫോണ്‍ ചോര്‍ത്തുകയും വരുന്ന കോളുകളെല്ലാം നിരീക്ഷിക്കുയും ചെയ്യുന്നുണ്ടെന്നും അവര്‍ ആരോപിച്ചിട്ടുണ്ട്. തന്നെക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തിരുന്നുവെന്നും അവര്‍ കത്തില്‍ കുറിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 

click me!