കൊവിഡ് 19: ഇൻ‍ഡോറിൽ 'ഭിൽവാര മോഡൽ' നടപ്പിൽ വരുത്തുമെന്ന് ശിവരാജ് ചൗഹാൻ

By Web TeamFirst Published Apr 27, 2020, 12:02 PM IST
Highlights

സംസ്ഥാനത്തെ എല്ലാ നിവാസികളുടെയും ആരോ​ഗ്യത്തെക്കുറിച്ച് അന്വേഷിക്കും. അതിനു വേണ്ടി ഓരോ പൗരനെയും പരിശോധനയ്ക്ക് വിധേയമാക്കും. 

ഇൻഡോർ: കൊവിഡ് 19 രോ​ഗബാധയ്ക്കെതിരെ പ്രതിരോധം തീർക്കാൻ ഇൻഡോറിൽ നടപ്പിലാക്കേണ്ടത് ഭിൽവാര മോഡൽ എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ. പ്രസ്ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ ഇമെയിൽ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ന​ഗരത്തിൽ കൊറോണ വൈറസ് വ്യാപനം തടയാൻ ഭിൽവാര മോഡൽ നടപ്പിലാക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ നിവാസികളുടെയും ആരോ​ഗ്യത്തെക്കുറിച്ച് അന്വേഷിക്കും. അതിനു വേണ്ടി ഓരോ പൗരനെയും പരിശോധനയ്ക്ക് വിധേയമാക്കും. മുഖ്യമന്ത്രി പറഞ്ഞു.  

സ്ഥിതി​ഗതികൾ പരിശോധിച്ചതിന് ശേഷം മാത്രമേ ലോക്ക് ഡൗൺ ദീർഘിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശങ്ങളിൽ നിന്നെത്തിയവർ ഭയവും അരക്ഷിതാവസ്ഥയും അറിവില്ലായ്മയും മൂലം വിദേശയാത്രാ ചരിത്രം വെളിപ്പെടുത്താതിരുന്നത് മൂലമാണ് രോ​ഗികളുടെ എണ്ണം ഇത്രയധികം വർദ്ധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവരറിയാതെ ഇവരിൽ നിന്ന് മറ്റുള്ളവർക്ക് രോ​ഗം ബാധിച്ചിരുന്നു. ശിവരാജ് ചൗഹാൻ പറഞ്ഞു.

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരിൽ മിക്കവർക്കും മറ്റ് ​ഗുരുതരമായ രോ​ഗങ്ങൾ ഉണ്ടായിരുന്നു. അത്തരം രോ​ഗികളെ വളരെ വൈകിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഡോറിനെ തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ച മാത്രം 31 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം 1207 ആയി. മധ്യപ്രദേശിൽ 2096 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 99 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 

കൊവിഡ് 19 വ്യാപനത്തിനെതിരെ പഴുതടച്ച പ്രതിരോധം തീർത്താണ് രാജസ്ഥാനിലെ ഭിൽവാര ​ന​ഗരം. കൊവിഡ് ബാധയുടെ ആദ്യഘട്ടത്തിൽ മാർച്ച് 18നും 30 ഇടയിൽ 27 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. ​എല്ലാ ഒരുക്കങ്ങളോടും കൂടിയാണ് ഭിൽവാര ലോക്ക്ഡൗണിലേക്ക് എത്തിയത്. ​രോ​ഗബാധയുടെ ഉറവിടം കണ്ടെത്തി രോ​ഗികളുടെ റൂട്ട്മാപ്പ് തയ്യാറാക്കി അവരെ ക്വാറന്റൈനിൽ പാർപ്പിച്ചു. ഡോർ ടു ഡോർ സ്ക്രീനിം​ഗും നടത്തി. പൊതു​ഗതാ​ഗത സംവിധാനങ്ങൾ നിർത്തി വച്ച് ചെക്ക് പോസ്റ്റുകളിൽ കൂടുതൽ പൊലീസ് ഉദ്യോ​ഗസ്ഥരെ നിയമിച്ചു, രോ​ഗികളുടെ എണ്ണം കൂടുകയാണെങ്കിൽ അവർക്ക് വേണ്ടിയുള്ള സജ്ജീകരണങ്ങളെല്ലാം തയ്യാറാക്കി വച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ 5 ആശുപത്രികൾ സജ്ജമാക്കി. കൃത്യമായ പരിശോധനയിലൂടെയും ക്വാറന്റൈനിലൂടെയുമാണ് ഭിൽവാര കൊവിഡ് 19 രോ​ഗബാധയെ പിടിച്ചു നിർത്തിയത്. പ്രതിരോധത്തിന്റെ ഭിൽവാര മാതൃക എന്ന് ഈ പ്രവർത്തനങ്ങൾ ശ്രദ്ധ നേടുകയും ചെയ്തു.  

click me!