
ഭോപ്പാൽ: കാമുകനൊപ്പം ജീവിക്കാൻ ഭാര്യക്ക് വിവാഹമോചനം നൽകാൻ കുടുംബ കോടതിയെ സമീപിച്ച് ഭർത്താവ്. ഭോപ്പാലിലെ കോലാർ എന്ന സ്ഥലത്താണ് സംഭവം. സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ആയ മഹേഷാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഏഴ് വർഷങ്ങൾക്ക് മുമ്പാണ് മഹേഷ് ഫാഷൻ ഡിസൈനറായ സംഗീതയെ വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. കാമുകനുമായുള്ള ബന്ധത്തെ എതിർത്ത സംഗീതയുടെ അച്ഛൻ മഹേഷിനെ കൊണ്ട് മകളെ വിവാഹം കഴിപ്പിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് തന്റെ കാമുകനായിരുന്ന യുവാവ് വിവാഹമേ വേണ്ടെന്ന് വച്ച് ജീവിക്കുന്ന വിവരം സംഗീത അറിയുന്നത്. ഇതോടെ സംഗീതയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഒന്നിനോടും താല്പര്യമില്ലാതെ ഒതുങ്ങികൂടി നടന്നു. ഇത് പലപ്പോഴും മഹേഷും സംഗീതയും തമ്മിലുള്ള വഴക്കുകൾക്ക് കാരണമായി.
ഒടുവിൽ കാമുകന്റെ അടുത്തേക്ക് മടങ്ങാനും കുടുംബത്തെ ഉപേക്ഷിക്കാനും സംഗീത തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം കുടുംബ കോടതിയിൽ എത്തിയപ്പോൾ ഇരുവരെയും കൗൺസിലിംഗിന് വിളിപ്പിച്ചു. കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കാൻ ശ്രമിച്ചുവെങ്കിലും സംഗീത കാമുകനുമായി ജീവിക്കാൻ ആഗ്രഹിക്കുകയായിരുന്നുവെന്ന് മഹേഷ് പറയുന്നു.
ഈ പ്രശ്നം തന്റെ മക്കളെ പ്രതികൂലമായി ബാധിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് വിവാഹമോചനത്തിന് അപേക്ഷ നൽകിയതെന്നും മഹേഷ് പറഞ്ഞു. മക്കളെ തനിക്ക് വേണമെന്ന് മഹേഷ് കോടതിയെ അറിയിച്ചിട്ടുണ്ട്. സംഗീതക്ക് എപ്പോൾ വേണമെങ്കിലും മക്കളെ വന്ന് കാണാമെന്നും മഹേഷ് കോടതിയിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam