ബനാറസ് സര്‍വ്വകലാശാലയിലെ പ്രതിഷേധം; സംസ്കൃത വിഭാഗത്തിലെ മുസ്ലീം അധ്യാപകന്‍ രാജിവച്ചു

By Web TeamFirst Published Dec 10, 2019, 5:14 PM IST
Highlights

''പ്രൊഫസര്‍ ഖാന്‍ സംസ്കൃതം വിഭാഗത്തില്‍ നിന്ന് രാജിവച്ചു. മറ്റൊരു വിഭാഗത്തില്‍ സംസ്കൃതം പഠിപ്പിക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്''

ലക്നൗ: വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനൊടുവില്‍ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ സംസ്കൃതം വിഭാഗത്തിലെ മുസ്ലീം അസിസ്റ്റന്‍റ് പ്രൊഫസര്‍ രാജിവച്ചു. ഹിന്ദു അല്ലാത്ത അധ്യാപകന്‍ തങ്ങളെ പഠിപ്പിക്കേണ്ടന്ന് ആയിരുന്നു പ്രതിഷേധകരായ വിദ്യാര്‍ത്ഥികളുടെ ആവശ്യം. അതേസമയം സംസ്കൃതം വിഭാഗത്തില്‍ നിന്ന് രാജിവച്ച ഫിറോസ് ഖാന്‍ ഇതേ സര്‍വ്വകലാശാലയിലെ മറ്റൊരു വിഭാഗത്തില്‍ സംസ്കൃതം പഠിപ്പിക്കും. 

സര്‍വ്വകലാശാല അധികൃതരും പ്രതിഷേധകരും തമ്മില്‍ നടന്ന സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ''പ്രൊഫസര്‍ ഖാന്‍ സംസ്കൃതം വിഭാഗത്തില്‍ നിന്ന് രാജിവച്ചു. മറ്റൊരു വിഭാഗത്തില്‍ സംസ്കൃതം പഠിപ്പിക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 9ന് അദ്ദേഹം രാജിക്കത്ത് നല്‍കി.'' രാജി സ്വീകരിച്ച ഫ്രൊഫസര്‍ കൗശലേന്ദ്ര പാണ്ഡേ പറഞ്ഞു. 

''ആര്‍ട്സ് ഫാകല്‍റ്റിയിലെ സംസ്കൃതം വിഭാഗത്തില്‍ അദ്ദേഹം ചേരും. അധ്യാപകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് മറ്റൊരു അവസരം ലഭിച്ചത് നല്ലതാണെന്ന് മാത്രമേ എനിക്ക് പറയാനുള്ളു'' എന്നും പാണ്ഡേ കൂട്ടിച്ചേര്‍ത്തു. 

മുസ്ലിം അസിസ്റ്റന്‍റ് പ്രൊഫസറെ സംസ്കൃത വിഭാഗത്തില്‍ നിയമിച്ചതില്‍ പ്രതിഷേധിച്ച് നവംബര്‍ ഏഴിനാണ് സമരം തുടങ്ങിയത്. സംസ്കൃത ഡിപ്പാര്‍ട്ട്മെന്‍റില്‍ സംസ്കൃത് വിദ്യാ ധര്‍മ വിഗ്യാനില്‍ സാഹിത്യ വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി ഫിറോസ് ഖാനെ നിയമിച്ചതാണ് വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചത്. ഒടുവില്‍ 10 ദിവസത്തിനുള്ളില്‍ പരിഹാരം കാണാമെന്ന അധികൃതരുടെ ഉറപ്പിലാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്. 

അപേക്ഷിച്ച 29 പേരില്‍ നിന്ന് 10 പേരെയാണ് തസ്തികയിലേക്ക് അഭിമുഖം നടത്തിയത്. അതില്‍ ഒമ്പത് പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. അതില്‍ ഫിറോസ് ഖാനാണ് ഏറ്റവും അര്‍ഹതയുണ്ടായിരുന്നതെന്നും പത്തില്‍ പത്ത് മാര്‍ക്കും അദ്ദേഹം നേടിയെന്നും സംസ്കൃതം വിഭാഗം അധ്യക്ഷന്‍ ഉമാകാന്ത് ചതുര്‍വേദി വ്യക്തമാക്കിയിരുന്നു. 

വൈസ് ചാന്‍സലറും ബനാറസ് സര്‍വ്വകാലാശാല സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ ചെറുമകനുമായ ഗിരിധര്‍  മാളവ്യയും മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരും അസിസ്റ്റന്‍റ് പ്രൊഫസര്‍ ഫിറോസ് ഖാന് പ്രതിരോധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധകരുടെ തുടര്‍ച്ചയായ സമരത്തിനുമുന്നില്‍ ഫിറോസ് ഖാന് രാജിവയ്ക്കേണ്ടിവരികയായിരുന്നു. 
 

click me!