സംസ്കൃത വിഭാഗത്തില്‍ മുസ്ലീം അധ്യാപകന്‍: ബനാറസ് സര്‍വ്വകലാശാലയിലെ പ്രതിഷേധം അവസാനിപ്പിച്ചു

By Web TeamFirst Published Nov 22, 2019, 10:48 AM IST
Highlights

സര്‍വ്വകാലാശാല വൈസ് ചാന്‍സലറുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം...

വാരണസി: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ മുസ്ലിം അസിസ്റ്റന്‍റ് പ്രൊഫസറെ സംസ്കൃത വിഭാഗത്തില്‍ നിയമിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിക്കുന്നു. സര്‍വ്വകാലാശാല വൈസ് ചാന്‍സലറുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. 10 ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിക്കുന്നത്. 

അതേസമയം വൈസ് ചാന്‍സലറും ബനാറസ് സര്‍വ്വകാലാശാല സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ ചെറുമകനുമായ ഗിരിധര്‍  മാളവ്യയും മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരും അസിസ്റ്റന്‍റ് പ്രൊഫസര്‍ ഫിറോസ് ഖാന് പ്രതിരോധവുമായി രംഗത്തെത്തി. 

സംസ്കൃതം വിശാലമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയും വിപുലമാണ്. ഏത് അധ്യാപകനും ഒരു സര്‍വ്വകലാശാലയില്‍ സംസ്കൃതം പഠിക്കാമെന്നും പ്രിുയങ്ക കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ഒരു ഹിന്ദു മാത്രമേ സംസ്കൃതം പഠിപ്പിക്കാവൂ എന്നതാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. അതേസമയം ഫിറോസ് ഖാന് പിന്തുണയുമായും ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. 

ഫിറോസ് ഖാനെ നിയമിച്ചതിലുള്ള പ്രശ്നങ്ങള്‍ക്ക് ഉടന്‍ അവസാനമാകണമെന്നും അദ്ദേഹത്തിന് എത്രയും വേഗം പഠിപ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് ചെയ്തത്.

സര്‍വകലാശാലയുടെ പ്രധാന കവാടമായ ലങ്കാ ഗേറ്റില്‍ നിന്ന് ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി എന്ന് എഴുതിയ ബാനറിന് പിന്നില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് അണിനിരന്നത്. 'ഫിറോസ് ഖാന്‍, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് '  എന്നും ബാനറില്‍ എഴുതിയിരുന്നു. 

മുസ്ലിം അസിസ്റ്റന്‍റ് പ്രൊഫസറെ സംസ്കൃത വിഭാഗത്തില്‍ നിയമിച്ചതില്‍ പ്രതിഷേധിച്ച് നവംബര്‍ ഏഴിനാണ് സമരം തുടങ്ങിയത്. സംസ്കൃത ഡിപ്പാര്‍ട്ട്മെന്‍റില്‍ സംസ്കൃത് വിദ്യാ ധര്‍മ വിഗ്യാനില്‍ സാഹിത്യ വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി ഫിറോസ് ഖാനെ നിയമിച്ചതിനെതിരെയാണ് സമരം.

നിയമനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ വിസിക്ക് കത്തെഴുതിയിരുന്നു. സര്‍വകലാശാലയുടെ ഹൃദയമാണ് സംസ്കൃത അധ്യാപകരെന്ന് യൂണിവേഴ്സിറ്റി സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യ പറഞ്ഞിരുന്നതായി വിദ്യാര്‍ഥികള്‍ കത്തില്‍ സൂചിപ്പിച്ചു. സംസ്കൃത വിഭാഗത്തില്‍ മുസ്ലിം വിഭാഗത്തില്‍നിന്നുള്ള ആളെ അധ്യാപകനായി നിയമിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

എന്നാല്‍, സര്‍വകലാശാലയില്‍ എല്ലാവര്‍ക്കും തുല്യ അവകാശമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അപേക്ഷിച്ച 29 പേരില്‍ നിന്ന് 10 പേരെയാണ് തസ്തികയിലേക്ക് അഭിമുഖം നടത്തിയത്. അതില്‍ ഒമ്പത് പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. അതില്‍ ഫിറോസ് ഖാനാണ് ഏറ്റവും അര്‍ഹതയുണ്ടായിരുന്നതെന്നും പത്തില്‍ പത്ത് മാര്‍ക്കും അദ്ദേഹം നേടിയെന്നും സംസ്കൃതം വിഭാഗം അധ്യക്ഷന്‍ ഉമാകാന്ത് ചതുര്‍വേദി പറഞ്ഞു.

അതേസമയം, തനിക്കെതിരെയുള്ള പ്രതിഷേധം തുടര്‍ന്നതിനാല്‍ ഫിറോസ് ഖാന്‍ വാരാണസി വിട്ടിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹം സ്വന്തം നാടായ ജയ്പൂരിലേക്ക് യാത്ര തിരിച്ചത്. അധ്യാപകന്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് ഇതിന് ശേഷം യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കിയത്.

click me!