മായങ്ക് പ്രതാപ് സിം​ഗ് ഇനി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജ‍ഡ്‍ജി

By Web TeamFirst Published Nov 22, 2019, 9:30 AM IST
Highlights

രാജസ്ഥാൻ സർവ്വകലാശാലയിൽ നിന്ന് അഞ്ച് വർഷത്തെ നിയമപഠനത്തിന് ശേഷമാണ് മായങ്ക് ജുഡീഷ്യൽ സർവ്വീസ് ലക്ഷ്യമാക്കി പഠനം തുടങ്ങിയത്. 

ജയ്പൂർ: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജ‍‍ഡ്ജി എന്ന ബഹുമതിക്കർഹനായി മായങ്ക് പ്രതാപ് സിം​ഗ്. ജയ്പൂരിലെ മാനസസരോവർ സ്വദേശിയാണ് ഈ ഇരുപത്തിയൊന്നുകാരൻ. 2018 ലെ രാജസ്ഥാൻ ജുഡിഷ്യൽ സർവ്വീസ് പരീക്ഷയിൽ ഉന്നത റാങ്കോടെയാണ് മായങ്ക് വിജയെ കരസ്ഥമാക്കിയത്. രാജസ്ഥാൻ സർവ്വകലാശാലയിൽ നിന്ന് അഞ്ച് വർഷത്തെ നിയമപഠനത്തിന് ശേഷമാണ് മായങ്ക് ജുഡീഷ്യൽ സർവ്വീസ് ലക്ഷ്യമാക്കി പഠനം തുടങ്ങിയത്. സത്യസന്ധതയാണ് ഒരു ‍‍ജഡ്ജിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ​ഗുണമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മായങ്ക് സിം​ഗ് പറയുന്നു.

ദിവസംപ്രതി 12 മുതൽ 13 മണിക്കൂർ വരെയുള്ള ചിട്ടയോടെയുളള പഠനമാണ് തന്നെ ഉന്നതപദവിയിലെത്തിച്ചതെന്ന് ഈ ചെറുപ്പക്കാരൻ പറയുന്നു. ഈ വിജയത്തിൽ ഞാൻ ആഹ്ളാദഭരിതനാണ്. നല്ല റിസൽട്ട് പ്രതീക്ഷിച്ചിരുന്നു. ഒരു നല്ല ജഡ്‍ജ് സത്യസന്ധനായിരിക്കണം. മറ്റ് പ്രലോഭനങ്ങളിൽ വീണുപോകരുത്. കയ്യൂക്കിനും പണത്തിനും മുന്നിൽ അടിയറവ് പറയുന്നയാളാകരുത്. മായങ്ക് കൂട്ടിച്ചേർത്തു. ആദ്യശ്രമത്തിൽ തന്നെ വിജയം കരസ്ഥമാക്കാൻ ഇദ്ദേഹത്തിന് സാധിച്ചു. 2019 ലാണ് ആർജെഎസ് പരീക്ഷയ്ക്കുള്ള പ്രായപരിധി 21 ആക്കിയത്. അതിന് മുമ്പ് കുറഞ്ഞ പ്രായപരിധി 23 ആയിരുന്നു. 

click me!