ഗാസിപൂരിൽ പൊലീസ് നടപടി തിരിച്ചടിച്ചോ? ടിക്കായത്തിന്‍റെ 'കണ്ണീരിൽ' ഒഴുകിയത് ആയിരങ്ങൾ

By Web TeamFirst Published Jan 29, 2021, 9:26 PM IST
Highlights

ഉത്തർപ്രദേശിലെ മുസഫർ നഗർ നിലവിൽ കർഷകസമരം നടക്കുന്ന ഗാസിപൂർ അതിർത്തിയിൽ നിന്ന് വെറും 150 കിമീ മാത്രം അകലെയാണ്. അവിടേയ്ക്കാണ് വൻ ജനക്കൂട്ടം ഒഴുകിയെത്തിയിരിക്കുന്നത്. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് വികാരാധീനനായി പൊട്ടിക്കരഞ്ഞുകൊണ്ട് സംസാരിച്ചത് ചെറിയ പ്രതിഫലനമല്ല ഉണ്ടാക്കിയതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
 

ദില്ലി: ''അവർ കർഷകരെ നശിപ്പിക്കും. അത് ഞങ്ങളനുവദിക്കില്ല. ഒന്നുകിൽ ഈ നിയമങ്ങൾ പിൻവലിക്കണം. അതല്ലെങ്കിൽ ഈ ടിക്കായത് ആത്മഹത്യ ചെയ്യും. ഇത് കർഷകർക്കെതിരായ ഗൂഢാലോചനയാണ്....'', പൊട്ടിക്കരഞ്ഞുകൊണ്ട് കർഷകസമരവേദിയിൽ വ്യാഴാഴ്ച രാകേഷ് ടികായത്ത് പറഞ്ഞ വാക്കുകളാണിത്. കർഷകസമരത്തിന്‍റെ ഭാഗമായി നടന്ന ട്രാക്റ്റർ പരേഡ് അക്രമത്തിലേക്ക് എത്തിച്ചതിന് ഉത്തരവാദിയായി പ്രധാന കാരണക്കാരനായി ഒരു സംഘം കർഷകസംഘടനാനേതാക്കൾ ചൂണ്ടിക്കാണിക്കുന്നത് രാകേഷ് ടിക്കായത്തിനെയാണ്. അവരുടെ ആശങ്കയ്ക്ക് കാരണമുണ്ട്. 

പടിഞ്ഞാറൻ യുപിയിലെ ഏറ്റവും സ്വാധീനശക്തിയുള്ള കാർഷിക സംഘടനകളിലൊന്നായ ഭാരതീയ കിസാൻ സംഘിന്‍റെ നേതാവായ രാകേഷ് ടികായത്ത് ഒരു കാലത്ത് ബിജെപിയോടടുത്ത് നിന്നിരുന്നയാളായിരുന്നു. ജാട്ട് സമുദായത്തിലെ സശക്തരായ നേതാക്കളിലൊരാൾ. പിന്നീട്, സഞ്ജീവ് ബല്യാനെപ്പോലുള്ളവർ ടിക്കായത്തിനെ കടന്ന് വളർന്നപ്പോൾ ടിക്കായത്തിനെ തീർത്തും അവഗണിച്ചുകളഞ്ഞു ബിജെപിയും എൻഡിഎ സർക്കാരും. എങ്ങനെയും പുതിയ കർഷകനിയമഭേദഗതികളെ അംഗീകരിച്ചോളും എന്ന് കരുതി. അവിടെയാണ് ബിജെപിക്ക് തെറ്റിയത്. 

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ ഇന്ന് രാകേഷ് ടിക്കായത്തിന്‍റെ സഹോദരൻ നരേഷ് ടിക്കായത്ത് വിളിച്ചു ചേർത്ത മഹാപഞ്ചായത്തിൽ അണിനിരന്നത് ആയിരക്കണക്കിന് പേരാണ്. നിലവിൽ കർഷകസമരം നടക്കുന്ന ഗാസിപൂർ അതിർത്തിയിൽ നിന്ന് വെറും 150 കിമീ മാത്രം അകലെയാണ്. അവിടേയ്ക്കാണ് വൻ ജനക്കൂട്ടം ഒഴുകിയെത്തിയിരിക്കുന്നത്. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് വികാരാധീനനായി പൊട്ടിക്കരഞ്ഞുകൊണ്ട് സംസാരിച്ചത് ചെറിയ പ്രതിഫലനമല്ല ഉണ്ടാക്കിയതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. പ്രതിഷേധവേദി വിട്ട് പോയ പല കർഷകരും ഇതോടെ വേദിയിലേക്ക് തിരികെ വന്നുവെന്ന് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഞങ്ങളുടെ ദില്ലി ബ്യൂറോചീഫ് ബിനുരാജ് രാകേഷ് ടികായത്തിനോട് സംസാരിച്ചു:

രാഷ്ട്രീയകക്ഷികളെ ഒപ്പം കൂട്ടി സമരം ശക്തമാക്കാനാണ് കർഷകസംഘടനകൾ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ രാഷ്ട്രീയകക്ഷികളെ അകറ്റിനിർത്തിക്കൊണ്ടാണ് കർഷകസമരം മുന്നോട്ടുപോയിരുന്നത്. ഇടതുനേതാക്കളടക്കം സമരത്തിൽ പങ്കാളികളായിരുന്നെങ്കിലും അവർ കർഷകസംഘടനകളുടെ നേതാക്കളെന്ന നിലയിലാണ് സമരത്തിൽ പങ്കുചേർന്നിരുന്നത്. എന്നാലിപ്പോൾ, പ്രതിപക്ഷപാർട്ടികളെക്കൂടി ഒപ്പം കൂട്ടി സമരം ശക്തിപ്പെടുത്താൻ കർഷകസംഘടനകൾ ആലോചിക്കുകയാണെന്ന് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. 

സിംഘുവിൽ നടന്നത് വൻ സംഘർഷം

ഇതിനിടെയാണ്, കർഷകർക്കെതിരെ സിംഘുവിൽ ഒരു വിഭാഗം പ്രതിഷേധക്കാർ എത്തിയത്. കർഷകരുടെ സമരവേദിയിലെത്തിയ പ്രതിഷേധക്കാർ സമരവേദികളിൽ ചിലത് തല്ലിപ്പൊളിച്ചു. പ്രദേശത്ത് കർഷകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. സ്ഥലത്ത് വൻ കല്ലേറും സംഘർഷാവസ്ഥയും നിലനിന്നു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. 

കർഷകർ സമരം ചെയ്യുന്ന വേദിയിലേക്ക് ബാരിക്കേഡുകൾ മറികടന്നാണ് ഒരു വിഭാഗം കൂട്ടം ചേർന്ന് എത്തിയത്. സമരവേദിക്ക് സമീപത്ത് നിലയുറച്ച കേന്ദ്രസേനയോ പൊലീസ് കാര്യമായി തടയാതിരുന്നതിനെ തുടർന്നാണ് ഈ പ്രതിഷേധക്കാർ സമരം ചെയ്യുന്ന കർഷകരുടെ അരികിലേക്ക് എത്തിച്ചേർന്നതും സംഘർഷാവസ്ഥയുണ്ടായതും. കർഷകരുടെ പാത്രങ്ങളും ടെന്റുകളും മറ്റ് സാധനങ്ങളടക്കം പ്രതിഷേധക്കാർ നശിപ്പിച്ചു. ഇവർ കർഷകരോ നാട്ടുകാരോ അല്ലെന്നാണ് വിവരം. ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ് ഇവരെന്ന് കർഷകസംഘടനകൾ ആരോപിച്ചു. പ്രതിഷേധക്കാരെ പൊലീസ് പിന്നീട് ഇടപെട്ട് നീക്കി. സംഘർഷത്തിൽ ഒരു എസ്എച്ച്ഒ ഉൾപ്പടെ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. അലിപൂർ എസ്എച്ച്ഒ പ്രദീപ് പലിവാളിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. 

ചെങ്കോട്ട അക്രമത്തെ അപലപിച്ച് രാഷ്ട്രപതി

ചെങ്കോട്ടയിലെ അക്രമത്തെ അപലപിച്ചും കാർഷികനിയമങ്ങളെ ശക്തമായി ന്യായീകരിച്ചും രാഷ്ട്രപതിയുടെ നയപ്രഖ്യാപനം. നിയമം ലംഘിക്കാൻ ആർക്കും അവകാശമില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്ക്കരിച്ച പ്രതിപക്ഷം ഇരുസഭകളിലും നിയമങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കി.

''റിപ്പബ്ളിക് ദിനത്തിൽ ദേശീയപതാകയെ അപമാനിച്ചത് അത്യന്തം ദൗർഭാഗ്യകരമാണ്. പ്രതിഷേധിക്കാനുള്ള അവകാശം നല്കുന്ന ഭരണഘടനാ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ നല്കുന്ന നിർദ്ദേശവും പാലിക്കണം'', ദില്ലി അതിർത്തികളിൽ സംഘർഷസാഹചര്യം ഉടലെടുക്കുമ്പോഴാണ് രാഷ്ട്രപതിയുടെ ഈ മുന്നറിയിപ്പ്. സമാധാനപരമായ സമരങ്ങളോട് യോജിക്കുന്നു. കാർഷിക നിയമങ്ങളിലെ തെറ്റിദ്ധാരണ നീക്കാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യും. കോടതി തീരുമാനം വരട്ടെ എന്ന സന്ദേശവും രാഷ്ട്രപതിയിലൂടെ കർഷകർക്ക് സർക്കാർ നല്കി. രാജ്യസ്നേഹത്തിൽ വളളത്തോൾ നാരായണ മേനോന്‍റെ വരികൾ ഉദ്ധരിച്ചായിരുന്നു രാഷ്ട്രപതിയുടെ ഉപദേശം.

കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രസംഗം ബഹിഷ്ക്കരിച്ച പ്രതിപക്ഷം പാർലമെന്‍റിന് പുറത്ത് പ്രകടനം നടത്തി. പിന്നീട് ഇരുസഭകളും ചേർന്നപ്പോൾ പ്രതിപക്ഷം ബഹളം വച്ചു. ആദരാഞ്ജലി അർപ്പിക്കുന്നവരുടെ പട്ടികയിൽ സമരത്തിനിടെ മരിച്ചവരെ ഉൾപ്പെടുത്തണമെന്ന് രാജ്യസഭയിൽ കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. ആംആദ്മി എംപിമാർ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ തന്നെ ബഹളമുണ്ടാക്കി.

click me!