ദുരന്തബാധിതർക്ക് ജോലി നൽകുന്നതിനെ എന്തിന് എതിർക്കണം? വിജയ് സർക്കാരിന് ആശ്വാസം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

Published : Aug 14, 2026, 12:53 PM IST
Tamil Nadu Chief Minister Vijay

Synopsis

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലി നൽകാനുള്ള വിജയ് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ദുരന്തങ്ങളിൽ കുടുംബങ്ങൾക്ക് ആശ്വാസം നൽകാനുള്ള സർക്കാരിന്റെ നയപരമായ തീരുമാനത്തെ

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകിയ വിജയ് സർക്കാരിന്‍റെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ദുരന്തത്തിനിരകളായ കുടുംബങ്ങളെ സഹായിക്കാനുള്ള സർക്കാരിന്റെ നയപരമായ തീരുമാനത്തെ എന്തിന് ചോദ്യംചെയ്യുന്നുവെന്നാണ് സുപ്രീംകോടതിയുടെ ചോദ്യം. ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

"ഒരു ദുരന്തമുണ്ടാകുകയും ആളുകൾ മരിക്കുകയും ചെയ്യുമ്പോൾ കുടുംബങ്ങൾക്ക് ആശ്വാസം നൽകാനും നഷ്ടപരിഹാരം നൽകാനും സർക്കാർ തീരുമാനിച്ചാൽ, ജോലി നൽകരുത് എന്ന് പറയാൻ മറ്റുള്ളവർക്ക് എന്ത് അവകാശമാണുള്ളത്? കുടുംബത്തിന്‍റെ ആശ്രയമായിരുന്ന ആൾ ദുരന്തത്തിൽ മരിച്ചാൽ, മകനോ മകൾക്കോ ജോലി നൽകാൻ സർക്കാരിന് ഉത്തരവാദിത്തമില്ലേ?" എന്നാണ് കോടതി ചോദിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിൽ വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്‍റെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും കുട്ടികളടക്കം 41 പേരാണ് കൊല്ലപ്പെട്ടത്. വിജയ് വൈകിയെത്തിയതും ആവശ്യത്തിന് കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും ഇല്ലാതിരുന്നതുമാണ് ദുരന്തത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തൽ. എന്നാൽ ഈ ആരോപണങ്ങൾ തള്ളിയ ടിവികെ, പൊലീസ് വീഴ്ചയും രാഷ്ട്രീയ ഗൂഢാലോചനയുമാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ചു.

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകാൻ, അധികാരത്തിൽ എത്തിയ ശേഷം മുഖ്യമന്ത്രി വിജയ് തീരുമാനിച്ചു. ജൂലൈ ആദ്യവാരത്തിൽ മുഖ്യമന്ത്രി വിജയ് 32 പേർക്ക് നിയമന ഉത്തരവ് കൈമാറി. ദുരന്തബാധിതർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പുനരധിവാസ നടപടികളുടെ ഭാഗമായാണ് ഈ നിയമനം നൽകിയത്.

ഇത് ഭരണഘടനയിലെ ആർട്ടിക്കിൾ 14 (സമത്വത്തിനുള്ള അവകാശം), ആർട്ടിക്കിൾ 16 (പൊതു നിയമനങ്ങളിലെ തുല്യാവസരം) എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂലൈ 27-ന് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. ഇത്തരമൊരു നടപടി സമാനമായ മറ്റ് ദുരന്തങ്ങളിലും ജോലി ആവശ്യപ്പെടാൻ ഇടയാക്കുമെന്നും ഹൈക്കോടതി വിലയിരുത്തി. വിവിധ സർക്കാർ വകുപ്പുകളിൽ ആശ്രിത നിയമനത്തിനായി വർഷങ്ങളായി കാത്തിരിക്കുന്ന നിരവധി പേരുടെ അവകാശങ്ങളെ തള്ളിക്കളഞ്ഞ് ഇത്തരം നിയമനങ്ങൾ നടത്തുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് സി വി കാർത്തികേയൻ, ജസ്റ്റിസ് ആർ ശക്തിവേൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എന്നാൽ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത് വിജയ് സർക്കാരിനെയും കരൂർ ദുരന്തത്തിന്‍റെ ഇരകളെയും സംബന്ധിച്ച് ആശ്വാസമായിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാഹുൽ ഗാന്ധിക്ക് ആശ്വാസം; സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി സുപ്രീംകോടതി
'വിദ്യാർത്ഥികളുടെ പ്രതിഷേധം തടയരുത്'; ബാർ കൗൺസിലിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്