രാത്രി 10.35-നായിരുന്നു ഷോ. 10.30-ന് തന്നെ പരാതിക്കാരനും സുഹൃത്തും തിയേറ്ററിലെത്തി സീറ്റിലിരുന്നു. എന്നാൽ, ഈ സമയത്ത് ഷോ ആരംഭിച്ചില്ലെന്നും ഏകദേശം 22 മിനിറ്റോളം പരസ്യങ്ങളും ട്രെയിലറുകളുമാണ് പ്രദർശിപ്പിച്ചതെന്നുമായിരുന്നു പരാതിക്കാരന്റെ ആരോപണം. ഇതുകാരണം 10.52-നാണ് സിനിമ തുടങ്ങിയത്.

ഹൈദരാബാദ്: സിനിമയ്ക്ക് മുൻപ് 22 മിനിറ്റോളം നേരം പരസ്യങ്ങൾ പ്രദർശിപ്പിച്ചതിന് തിയേറ്ററിന് 75,000 രൂപ പിഴ ചുമത്തി. ഹൈദരാബാദിലെ ഒരു മൾട്ടിപ്ലക്സ് തിയേറ്ററിനെതിരെയാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പിഴ ചുമത്തിയത്. 2025 ജൂൺ 30 തിയേറ്ററിലെ സിനിമ കാണാനെത്തിയ യുവാവ് നൽകിയ പരാതിയിലാണ് നടപടി.

ധനുഷ്, നാ​​ഗാർജുന തുടങ്ങിയവർ അഭിനയിച്ച കുബേര എന്ന സിനിമ കാണാനാണ് പരാതിക്കാരനും സുഹൃത്തും ടിക്കറ്റെടുത്തിരുന്നത്. രാത്രി 10.35-നായിരുന്നു ഷോ. 10.30-ന് തന്നെ പരാതിക്കാരനും സുഹൃത്തും തിയേറ്ററിലെത്തി സീറ്റിലിരുന്നു. എന്നാൽ, ഈ സമയത്ത് ഷോ ആരംഭിച്ചില്ലെന്നും ഏകദേശം 22 മിനിറ്റോളം പരസ്യങ്ങളും ട്രെയിലറുകളുമാണ് പ്രദർശിപ്പിച്ചതെന്നുമായിരുന്നു പരാതിക്കാരന്റെ ആരോപണം. ഇതുകാരണം 10.52-നാണ് സിനിമ തുടങ്ങിയത്. തുടർന്ന് സിനിമ വീട്ടിലെത്താൻ വൈകിയെന്നും നേരത്തെ കരുതിയതിൽനിന്ന് ഒരുമണിക്കൂറോളം വൈകി പുലർച്ചെ മൂന്നുമണിയോടെയാണ് വീട്ടിലെത്താനായതെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു.

സിനിമ തുടങ്ങാൻ വൈകിയത് തിയേറ്ററിന്റെ സേവനത്തിലുണ്ടായ വീഴ്ചയാണെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. അതേസമയം, സിനിമയ്ക്ക് മുൻപ് പ്രദർശിപ്പിച്ചവയിൽ പൊതുജന താത്പര്യപ്രകാരമുള്ള പരസ്യങ്ങളും ഉൾപ്പെടുന്നതായാണ് തിയേറ്ററുകാർ വാദിച്ചത്. മറ്റുപരസ്യങ്ങളും ട്രെയിലറുകളും തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങളുടെ ഭാ​ഗമാണെന്നും സർക്കാർ നിർദേശപ്രകാരം പൊതുജന താത്പര്യപ്രകാരമുള്ള പരസ്യങ്ങളും ഇതിൽ ഉൾപ്പെടുന്നതായും തിയേറ്റർ അധികൃതർ പറഞ്ഞു. എന്നാൽ, പൊതുജന താത്പര്യപ്രകാരം പ്രദർശിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ പരമാവധി ദൈർഘ്യം രണ്ടുമിനിറ്റാണെന്ന് കമ്മീഷൻ വ്യക്തമാക്കി. അതിനാൽ മറ്റുപരസ്യങ്ങൾ തിയേറ്ററിന്റെ സാമ്പത്തിക ലാഭത്തിനായാണ് പ്രദർശിപ്പിച്ചത്. ഇതുകാരണമാണ് സിനിമ വൈകിയതെന്നും വിലയിരുത്തി. തുടർന്നാണ് 75,000 രൂപ പിഴ ചുമത്തിയത്. ഇതിൽ 20,000 രൂപ പരാതിക്കാരനുള്ള നഷ്ടപരിഹാരത്തുകയാണ്. 5,000 രൂപ കോടതിച്ചെലവിനും. ബാക്കി 50,000 രൂപ ജില്ലാ ഉപഭോക്തൃ ക്ഷേമനിധിയിലേക്ക് പിഴയായി അടയ്ക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.