
പട്ന: ആനകൾ എന്ന് കേൾക്കുമ്പോൾ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും കൗതുകവും ഹരവുമാണ്. ചിലപ്പോൾ ഒരു നാടിന്റെ മുഴുവൻ ഹീറോ ആയി മാറാറുണ്ട് ഇവറ്റകൾ. ഇപ്പോഴിതാ തന്റെ സ്വത്ത് മുഴുവൻ ആനകൾക്ക് നൽകിയിരിക്കുകയാണ് ഒരു ആനപ്രേമി.
ബീഹാറിലെ ജാനിപുര്‍ സ്വദേശിയായ മുഹമ്മദ് അക്തര്‍ എന്ന ആളാണ് സ്വത്ത് മുഴുവന്‍ തന്റെ രണ്ട് ആനകള്‍ക്കായി എഴുതിവച്ചത്. മോട്ടി, റാണി എന്നീ പേരുകളുള്ള ആനകൾക്ക് ഇരുപതും പതിനഞ്ചുമാണ് പ്രായം. തനിക്ക് കുടുംബ സ്വത്തായി ലഭിച്ച ആനകളുടെ മക്കളാണ് ഈ ആനകള്‍ എന്ന് അക്തര്‍ പറയുന്നു. തന്റെ പേരിലുള്ള 6.25 ഏക്കര്‍ സ്ഥലമാണ് മുഹമ്മദ് അക്തര്‍ ആനകള്‍ക്കായി നല്‍കിയിരിക്കുന്നത്.
"കുട്ടിക്കാലം മുതൽ അവരോടൊപ്പമാണ് ഞാൻ വളർന്നത്. രണ്ടുപേരും എന്റെ കുടുംബാംഗങ്ങളാണ്" മുഹമ്മദ് അക്തർ പറയുന്നു. ഇതില്‍ ഒരു ആന ഒരിക്കല്‍ തന്റെ ജീവന്‍ രക്ഷിച്ചിട്ടുണ്ടെന്നും മുഹമ്മദ് അക്തര്‍ കൂട്ടിച്ചേർത്തു. ആനകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ അധ്യക്ഷന്‍ കൂടിയാണ് മുഹമ്മദ് അക്തര്‍.
താന്‍ മരിച്ചുപോയാലും ആനകള്‍ പട്ടിണി കിടക്കരുതെന്ന ആഗ്രഹവും ഈ ആനപ്രേമി പങ്കുവയ്ക്കുന്നു. ഒരിക്കൽ ഉറക്കത്തിലായിരുന്ന തന്നെ ചിഹ്നംവിളിച്ച് ഉണര്‍ത്തി ആക്രമിക്കാൻ വന്ന കൊലയാളിയില്‍നിന്ന് രക്ഷിച്ചത് മോട്ടി ആനയാണെന്നും അദ്ദേഹം പറയുന്നു.
തന്നെ അപായപ്പെടുത്തി ആനകളെ വില്‍ക്കാനുള്ള കുടുംബത്തിലെ ചിലരുടെ ശ്രമമാണ് മോട്ടി ആന പൊളിച്ചതെന്നാണ് മുഹമ്മദ് അക്തര്‍ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞത്. ഇക്കാരണത്താലാണ് തന്റെ പേരിലുള്ള സ്വത്ത് സ്വത്ത് ആനകളുടെ പേരില്‍ എഴുതിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam