ദില്ലി കലാപം: ബിജെപി നേതാവ് കപിൽ മിശ്രയെ ഒഴിവാക്കി കുറ്റപത്രം

By Web TeamFirst Published Jun 9, 2020, 11:06 PM IST
Highlights

ദില്ലി കലാപത്തില്‍ മൂന്നു കുറ്റപത്രങ്ങൾ കൂടി സമർപ്പിച്ചു. ബിജെപി നേതാവ് കപിൽ മിശ്രയെ ഒഴിവാക്കിയാണ് കുറ്റപത്രം.  

ദില്ലി: വടക്കുകിഴക്കൻ ദില്ലിയിലെ കലാപത്തിൽ ആരോപണവിധേയനായ ബിജെപി നേതാവ് കപിൽ മിശ്രയെ ഒഴിവാക്കി പൊലീസ് കുറ്റപത്രം. മോജ്പൂർ കലാപം അടക്കം മൂന്ന് കേസുകളിൽ നൽകിയ കുറ്റപത്രത്തിൽ കപിൽ മിശ്ര നടത്തിയ പ്രസംഗത്തെക്കുറിച്ചോ റാലിയെ കുറിച്ചോ പരാമർശമില്ല. കലാപത്തിന് പിന്നിൽ സിഎഎ വിരുദ്ധര്‍ എന്നാണ് പൊലീസ് പറയുന്നത്. 

ദില്ലിയില്‍ കലാപത്തിന് തൊട്ടുമുമ്പായി കപില്‍ മിശ്ര നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ പല തവണ ജനങ്ങളെ അഭിസംബോധന ചെയ്തു മിശ്ര. പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത് തെരുവുകളിൽ തുടരുന്ന പ്രതിഷേധക്കാർക്ക് ഒഴിഞ്ഞുപോകാൻ മൂന്ന് ദിവസത്തെ സമയം അനുവദിച്ച് നൽകിയാണ് മിശ്ര വിവാദത്തിലായത്. 

പ്രസിഡന്റ് ട്രംപ് ഇന്ത്യയിൽ ഉള്ളിടത്തോളം തങ്ങൾ അടങ്ങിയിരിക്കും എന്നും അതിനു ശേഷവും പ്രതിഷേധക്കാർ റോഡിൽ നിന്ന് മാറിയില്ലെങ്കിൽ, പിന്നെ തങ്ങൾ ദില്ലി പൊലീസ് പറഞ്ഞാൽ പോലും കേട്ടെന്നിരിക്കില്ല എന്നായിരുന്നു കപിൽ മിശ്രയുടെ പരാമർശം. എന്നാല്‍ ഈ സംഭവം ഇപ്പോള്‍ പൊലീസ് കുറ്റപത്രത്തില്‍ പോലുമില്ല. 

click me!