
പാറ്റ്ന: കോടികള്‍ ചെലവിട്ട് നിര്‍മിച്ച പാലം ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. ബിഹാറിലെ ഗോപാല്‍ ഗജ്ഞിലെ ഗണ്ഡക് നദിക്കു കുറുകെ നിര്‍മിച്ച പാലമാണ് ഉദ്ഘാടനം കഴിഞ്ഞ് 29 ദിവസത്തിനു ശേഷം തകര്‍ന്നു വീണത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണ് പാലം ഉദ്ഘാടനം ചെയ്തത്.
നദിയിലെ ജലനിരപ്പ് വര്‍ധിച്ചപ്പോള്‍ പാലവുമായി റോഡിനെ ബന്ധിപ്പിക്കുന്ന കല്ലുകള്‍ക്ക് സമ്മര്‍ദ്ദം നേരിടാന്‍ കഴിയാതെ വന്നതാണ് പാലം തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. 260 കോടി രൂപ ചെലവിട്ട് നിര്‍മിച്ചതാണ് ഈ പാലം.
ഗോപാല്‍ഗഞ്ചിനെ ഈസ്റ്റ് ചമ്പാരനുമായി ബന്ധിപ്പിക്കുന്നതാണ് പാലം. എട്ടുവര്‍ഷം എടുത്താണ് പാലം പൂര്‍ത്തിയാക്കിയത്. ഇതിന്‍റെ നിര്‍മ്മാണം ഏപ്രില്‍ 2012ലാണ് ആരംഭിച്ചത്. ബിഹാറിലെ ബിആര്‍പിഎന്‍ ലിമിറ്റഡിനായിരുന്നു നിര്‍മ്മാണ ചുമതല. പാലം തകര്‍ന്നതോടെ ഗോപാല്‍ഗഞ്ചിനെ ഈസ്റ്റ് ചമ്പാരനും ഇടയില്‍ വലിയ ഗതാഗത പ്രശ്നമാണ് ഉണ്ടായിരിക്കുന്നത്.
പാലം നിര്‍മാണത്തില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. പ്രധാനപ്രതിപക്ഷമായ ആര്‍ജെഡി നേതാവ് തേജസ്വിനി യാദവ് സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കുറ്റപ്പെടുത്തി. കോണ്‍ഗ്രസും സംഭവത്തില്‍ ബീഹാര്‍ സര്‍ക്കാറിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
മുന്‍പ് അണക്കെട്ട് തകര്‍ന്ന് പ്രളയം ഉണ്ടായതില്‍ എലികള്‍ മാളമുണ്ടാക്കിയതാണ് കാരണം എന്ന ഒരു മന്ത്രിയുടെ പ്രതികരണം ഓര്‍മ്മിച്ച ബിഹാര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മദന്‍ മോഹന്‍, പാലം തകര്‍ന്ന സംഭവത്തില്‍ എലികളെയും പ്രതികളാക്കുവാന്‍ പറ്റില്ലെന്ന് പരിഹസിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam