കർഷക ദമ്പതികൾ പൊലീസിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവം, ജില്ലാ മജിസ്ട്രേറ്റിനേയും എസ്പിയേയും നീക്കി

By Web TeamFirst Published Jul 16, 2020, 12:30 PM IST
Highlights

ദന്പതികളെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണ് നടപടി. സർക്കാർ ഭൂമിയിൽ ദമ്പതികൾ കൃഷി ചെയ്ത് വരികയായിരുന്നു. ഈ ഭൂമിയിൽ കോളേജ് നിർമ്മിക്കാൻ രണ്ട് വർഷം മുന്പ് സർക്കാർ  അനുമതി നൽകി.

ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണയിൽ ദലിത് ദമ്പതികൾ പൊലീസിന് മുന്നിൽ കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ജില്ല മജിസ്ട്രേറ്റിനേയും എസ്പിയേയും സ്ഥാനത്ത് നിന്ന് നീക്കി. ദമ്പതികളെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണ് നടപടി. സർക്കാർ ഭൂമിയിൽ ദമ്പതികൾ കൃഷി ചെയ്ത് വരികയായിരുന്നു. ഈ ഭൂമിയിൽ കോളേജ് നിർമ്മിക്കാൻ രണ്ട് വർഷം മുമ്പ് സർക്കാർ  അനുമതി നൽകി. ഇവിടെ നിന്നും കുടുംബത്തെ ഒഴിപ്പിക്കാൻ എത്തിയ പൊലീസ് ജെസിബി ഉപയോഗിച്ച് കാർഷിക വിളകൾ നശിപ്പിച്ചു. ഇത് തടയാൻ ശ്രമിച്ച ദമ്പതികളെ പൊലീസ് മർദ്ദിക്കുകയും തുടർന്ന് ഇവർ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയുമാണ് ഉണ്ടായത്. 

സംഭവത്തിൽ വിമശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഇത്തരം അനീതികൾക്കെതിരെ കൂടിയാണ് പോരാട്ടമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടിയാണ് ഗുണയിൽ കണ്ടതെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥ് പ്രതികരിച്ചു. അതേ സമയം സംഭവം ദൗർഭാഗ്യകരമെന്ന് പറഞ്ഞ ബിജെപി എംപി ജോതിരാദിത്യ സിന്ധ്യ കർശന നടപടി സർക്കാർ സ്വീകരിക്കുമെന്നും ട്വിറ്ററിൽ കുറിച്ചു.

click me!